
മായം ചേര്‍ത്തുവെന്ന് തെളിഞ്ഞു; പതഞ്ജലി മുളകുപൊടി പിന്‍വലിക്കും
സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പതഞ്ജലി ഫുഡ്‌സിനോട് പായ്ക്ക് ചെയ്ത മുളകു പൊടിയുടെ ഒരു ബാച്ച് തിരിച്ചുവിളിക്കാന്‍ ഭക്ഷ സുരക്ഷ, ഗുണനിലവാര അതോറിറ്റി ആവശ്യപ്പെട്ടു. ജനുവരി 13നാണ് അതോറിറ്റി ഉത്തരവിട്ടതെന്നും ഉത്തരവ് ജനുവരി 16ന് ലഭിച്ചുവെന്നും പതഞ്ജലി അറിയിച്ചു.
2011ലെ ഭക്ഷ്യ സുരക്ഷാ, ഗുണനിലവാര (മാലിന്യം, വിഷവസ്തുക്കള്‍, അവക്ഷിപ്തങ്ങള്‍) ചട്ടങ്ങള്‍ പാലിക്കാത്തതിനാലാണ് ബാച്ച് പിന്‍വലിക്കാന്‍ അതോറിറ്റി ഉത്തരവിട്ടത്.
ഏത് തരത്തിലുള്ള ലംഘനമാണ് നടത്തിയതെന്നുള്ള വിവരം പുറത്തുവന്നിട്ടില്ല. യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയുടെ ഉപഭോക്തൃ ഉല്‍പന്ന ബ്രാന്‍ഡ് ആണ് പതഞ്ജലി ഫുഡ്‌സ്.
രാജ്യത്തുടനീളമുള്ള എല്ലാ ബ്രാന്‍ഡുകളുടേയും പൊടിച്ച സുഗന്ധവ്യജ്ഞനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആരംഭിച്ചിരുന്നു. എവറസ്റ്റ്, എംഡിഎച്ച് പോലുള്ള സുഗന്ധവ്യജ്ഞന നിര്‍മ്മാതാക്കള്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ കീടനാശിനിയായ എത്തിലീന്‍ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങ്ങും സിങ്കപ്പൂരും മുന്നറിയിപ്പ് നല്‍കിയിരുന്നു. എംഡിഎച്ചിന്റെ ഉല്‍പന്നങ്ങള്‍ ഹോങ്കോങ് നിരോധിക്കുകയും ചെയ്തു.
ഉല്‍പന്നങ്ങളുടെ ഷെല്‍ഫ്‌ലൈഫ് വര്‍ദ്ധിപ്പിക്കുന്നതിനായി ഉല്‍പന്നങ്ങളില്‍ ഫ്യൂമിഗന്റും കീടനാശിനിയുമായ എത്തിലീന്‍ ഓക്‌സൈഡ് ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്.