രണ്ട് പ്രാവശ്യം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ, അപൂര്‍വ്വ അതിജീവനം, ഗിരീഷിന് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌ക്കാരം കൈമാറി
ഇന്ത്യയില്‍ ആദ്യമായി വിജയകരമായി രണ്ടാം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ പി വി ഗിരീഷ് കുമാറിന് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പുരസ്‌ക്കാരം കൈമാറി. കൊച്ചി ലിസി ഹോസ്പിറ്റലില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി നര്‍വിജയ് യാദവാണ് അവാര്‍ഡ് കൈമാറിയത്. ശസ്ത്രക്രിയക്ക് ശേഷം പത്ത് വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് പുരസ്‌ക്കാരദാനം.
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് ഗിരീഷിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ആദ്യം അനുഭവപ്പെടുന്നത്. ഹൃദയം മാറ്റിവെക്കല്‍ മാത്രമാണ് രോഗത്തിനുള്ള പ്രതിവിധിയെന്ന് തിരിച്ചറിഞ്ഞ ഗിരീഷ് സ്വദേശമായ പാലക്കാടിലേക്ക് തിരിച്ചുവരികയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ തന്നെ ഗിരീഷിന്റെ രക്തഗ്രൂപ്പുമായി ചേരുന്ന ഹൃദയം മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയില്‍ നിന്നും സ്വീകരിച്ച് എറണാകുളം ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം ഗിരീഷിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
രണ്ട് ഹൃദയസ്തംഭനം, രണ്ടാമതും ശസ്ത്രക്രിയ
ഡോക്ടര്‍ പങ്കുവച്ച അനുഭവക്കുറിപ്പ് പ്രകാരം ഏകദേശം ആറു മാസത്തിന് ശേഷം ഗിരീഷിന്റെ ഇടുപ്പ് സന്ധിക്ക് വാതജന്യമായ അസുഖം പിടിപെടുകയായിരുന്നു. എറണാകുളത്ത് തന്നെ ഡോ. ജോസ് പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ ഗിരീഷിന് വീണ്ടും ശസ്ത്രക്രിയ നടത്തി. രണ്ടുമാസങ്ങള്‍ക്ക് ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗിരീഷിന്റെ ഹൃദയത്തിന് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഡോക്ടര്‍ തിരിച്ചറിഞ്ഞു. ഹൃദയ വാല്‍വിന്റെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയിരുന്നു. ഏകദേശം ഒരാഴ്ച കഴിയുന്നതിനു മുന്‍പ് തന്നെ ഗിരീഷിന് ഹൃദയസ്തംഭനം ഉണ്ടായി. പിന്നീട് രണ്ടാമതും ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അപൂര്‍വ്വമായ സംഭവമായിരുന്നു ഇതെന്നും ഡോക്ടര്‍ സൂചിപ്പിക്കുന്നുണ്ട്.