TMJ
searchnav-menu
post-thumbnail

TMJ Daily

രണ്ട് തവണ തെറ്റുപറ്റി, ഇനിയില്ല: ആര്‍ജെഡിയുടെ ക്ഷണം നിരസിച്ച് നിതീഷ് കുമാര്‍

06 Jan 2025   |   1 min Read
TMJ News Desk

ന്ത്യാ മുന്നണിയിലേക്കുള്ള ആര്‍ജെഡിയുടെ സ്വാഗതം നിരസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് നിതീഷിനെ ഇന്ത്യാ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയത് തെറ്റായിപ്പോയെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും നിതീഷിന്റെ പ്രഗതി യാത്രയ്ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

'ഞാന്‍ അവിടേയും ഇവിടേയും  തെറ്റായി പോയി. ഇപ്പോള്‍ ഞാനൊരിടത്തും പോകില്ല. ഞാന്‍ എന്റെ പഴയ പങ്കാളിയുടെ സമീപത്തേക്ക് എത്തി,' അദ്ദേഹം പറഞ്ഞു.

ആര്‍ജെഡി ഒന്നും ചെയ്യുന്നില്ലെന്നും എങ്കിലും അവര്‍ക്ക് വാര്‍ത്താ കവറേജ് കിട്ടുന്നുവെന്ന് നിതീഷ് പറഞ്ഞു. ആര്‍ജെഡിയുടെ ഭരണകാലത്ത് സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നുവെന്ന് സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടു കൊണ്ട് നിതീഷ് പറഞ്ഞു.

'സ്ത്രീകള്‍, പുരുഷന്‍മാര്‍, എല്ലാ ജാതികളും, ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, പിന്നാക്ക വിഭാഗങ്ങള്‍, ദളിതുകള്‍, മഹാദളിതുകള്‍ അങ്ങനെ എല്ലാവര്‍ക്കുവേണ്ടിയും ഞാന്‍ പ്രവര്‍ത്തിക്കുന്നു,'നിതീഷ് പറഞ്ഞു.

ജനുവരി 1-ന് പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാലു പ്രസാദ് യാദവ് നിതീഷിനെ ഇന്ത്യാ മുന്നണിയിലേക്ക് ക്ഷണിച്ചത്. 'നിതീഷ് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യും. അദ്ദേഹത്തിന്റെ ഭൂതകാലത്തിലെ തെറ്റുകള്‍ പൊറുക്കുകയും ഞങ്ങള്‍ക്കൊപ്പം നിര്‍ത്തുകയും ചെയ്യും,' ലാലു പറഞ്ഞു.





#Daily
Leave a comment