Representational Image: Pexels
ട്വിറ്റര്‍ ബ്ലൂ ടിക് മാഞ്ഞുതുടങ്ങി; നഷ്ടപ്പെട്ടവരില്‍ നിരവധി പ്രമുഖര്‍
ട്വിറ്റര്‍ ബ്ലൂ ടിക് സബ്‌സ്‌ക്രിപ്ഷന്‍ നിലവില്‍ വന്നതോടെ പല പ്രമുഖര്‍ക്കും അവരുടെ വെരിഫിക്കേഷന്‍ നഷ്ടമായി. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, വിരാട് കോഹ്ലി, യോഗി ആദിത്യനാഥ്, രാഹുല്‍ഗാന്ധി തുടങ്ങി ഇന്ത്യയിലെ നിരവധി പ്രമുഖര്‍ക്ക് ട്വിറ്ററിലെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ നഷ്ടമായി.
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്ത പ്രൊഫൈലുകളില്‍ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി.
അപരന്മാരെ തിരിച്ചറിയാന്‍ ബ്ലൂ ടിക്
അപരന്മാരില്‍ നിന്നും ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അക്കൗണ്ട് വേര്‍തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ട്വിറ്ററിലെ ബ്ലൂ ടിക്. ബ്ലൂ ടിക് വെരിഫിക്കേഷന്‍ നിലനിര്‍ത്തുന്നതിന് ഇനിമുതല്‍ ഓരോ മാസവും പണം നല്‍കേണ്ടി വരുമെന്ന് ട്വിറ്റര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ പണം നല്‍കാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.
ട്വിറ്ററില്‍ ഏകദേശം 3,00,000 വെരിഫൈഡ് ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തകരും കായിക താരങ്ങളും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും പണം നല്‍കി ബ്ലൂ ടിക് സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്നെല്ലാം വെരിഫിക്കേഷന്‍ അടയാളം നഷ്ടമാകുന്നുണ്ട്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, ഫ്രാന്‍സിസ് മാര്‍പാപ്പ തുടങ്ങിയവരുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കഴിഞ്ഞ ദിവസം ബ്ലൂ ടിക് മാഞ്ഞിരുന്നു.
ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളിലും വെബ്‌സൈറ്റ് വഴിയും ട്വിറ്റര്‍ ബ്ലൂ ടിക് നല്‍കിയിരുന്നു. ഇന്ത്യയില്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്‌സ് വരിക്കാര്‍ക്ക് 900 രൂപയും വെബ്‌സൈറ്റില്‍ 650 രൂപയുമാണ് പ്രതിമാസ നിരക്ക്. പ്രതിവര്‍ഷം 6,800 രൂപയുടെ പ്രീമിയം സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ട്വീറ്റ് എഡിറ്റ് ചെയ്യല്‍, ബുക്മാര്‍ക് ചെയ്യല്‍, വിവിധ കളര്‍ തീമുകള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ക്കൊപ്പം 4,000 കാരക്ടറുള്ള ട്വീറ്റ് വരെ ചെയ്യാനും സൗകര്യമുണ്ടായിരുന്നു. സാധാരണ 280 കാരക്ടര്‍ ആണ് ട്വിറ്ററിന്റെ പരമാവധി പരിധി. പണം കൊടുത്ത് ഉപയോഗിക്കുന്നവര്‍ക്ക് രണ്ടു ജി.ബി വരെ വലിപ്പമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാം.
മാറ്റം ഇലോണ്‍ മസ്‌കിലൂടെ
ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് ചുമതലയേല്‍ക്കും മുമ്പ് ട്വിറ്റര്‍ സൗജന്യമായാണ് വെരിഫിക്കേഷന്‍ ബ്ലൂ ടിക് നല്‍കിയിരുന്നത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം നിരവധി പരിഷ്‌കാരങ്ങളും നടപടികളുമാണ് ട്വിറ്ററില്‍ കൊണ്ടുവന്നത്. അതേസമയം, കഴിഞ്ഞ ദിവസമാണ് അനൗപചാരികമായി ബ്രാന്‍ഡ് പുനര്‍നാമകരണം ചെയ്തത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്വിറ്റര്‍ എന്ന ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡില്‍ നിന്നും 'ഡബ്ല്യൂ' എന്ന ഇംഗ്ലീഷ് അക്ഷരം എടുത്തുമാറ്റുകയാണ് ഇലോണ്‍ മസ്‌ക് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെ ഓഫീസിന് മുകളിലുള്ള ബോര്‍ഡില്‍ നിന്നാണ് 'ഡബ്ല്യൂ' എന്ന അക്ഷരം എടുത്തു മാറ്റിയത്.