TMJ
searchnav-menu
post-thumbnail

TMJ Daily

ട്വിറ്റര്‍ ലോഗോയും പേരും മാറ്റി: ഇനി നീലക്കുരുവി ഉണ്ടാകില്ല; പകരം 'X'

24 Jul 2023   |   3 min Read
TMJ News Desk

മൈക്രോ ബ്ലോഗിംഗ് അതികായരായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു. ട്വിറ്റര്‍ ഇനി എക്‌സ് (X) എന്ന് അറിയപ്പെടും. നിലവിലെ ലോഗോയായ നീലക്കുരുവി ഇനി ഉണ്ടാകില്ല. പുതിയ ഡിസൈന്‍ നിശ്ചയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉടമ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് പുറത്തുവന്നു. കമ്പനിയുടെ ആസ്ഥാനത്ത് പുതിയ ലോഗോ പ്രദര്‍ശിപ്പിച്ചതായുള്ള ദൃശ്യങ്ങളും മസ്‌ക് പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററിന്റെ ലോഗിന്‍ പേജിലും ഹോം പേജില്‍ ഇടത് ഭാഗത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്നാക്കി. കറുപ്പ് നിറത്തിലാണ് ലോഗോ. ട്വിറ്ററിന്റെ ഔദ്യോഗിക പേജായിരുന്ന @twitter ന്റെ പേരും X എന്നാക്കി. 

'താമസിയാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും' എന്നാണ് ട്വിറ്ററിന്റെ ബ്രാന്‍ഡ് മാറ്റത്തെ കുറിച്ച് മസ്‌ക് ട്വീറ്റ് ചെയ്തത്. കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകള്‍ക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. X.com എന്ന ഡൊമൈനിലേക്ക് ഇനി ഈ പ്ലാറ്റ്‌ഫോം മാറും. എക്‌സ് എവരിതിങ് എന്ന പേരില്‍ ട്വിറ്ററിനെ പരിവര്‍ത്തനം ചെയ്യുമെന്ന് കഴിഞ്ഞവര്‍ഷം ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനിയുടെ പേര് X corp എന്നായിരുന്നു. ചൈനയുടെ വീചാറ്റ് പോലെ ഒരു സൂപ്പര്‍ ആപ് നിര്‍മിക്കാനുള്ള മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമാണ് റീബ്രാന്‍ഡിങ് എന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ നീലക്കിളിയെ മാറ്റിയിരുന്നു. ട്വിറ്ററിന്റെ ലോഗോ മാറ്റത്തെത്തുടര്‍ന്ന് ഡോജ്‌കോയിന്റെ വില കുതിച്ചുയര്‍ന്നിരുന്നു. എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വീഡിയോ, ബാങ്കിങ് സൗകര്യങ്ങളും വിവിധ ആശയങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്പനി പുതിയ പ്ലാറ്റ്‌ഫോമിനെ ആവിഷ്‌കരിച്ചിരിക്കുന്നത്. 

പരസ്യവരുമാനം പകുതിയായി 

സമൂഹമാധ്യമമായ ട്വിറ്ററിന്റെ പരസ്യവരുമാനം പകുതിയായി കുറഞ്ഞതോടെ വന്‍ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് ഉടമ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. പരസ്യവരുമാനം വന്‍തോതില്‍ കുറഞ്ഞതിനൊപ്പം കടവും ബാധ്യതയായിരിക്കുകയാണ്. ആക്ടിവിസ്റ്റുകളുടെ ഇടപെടലാണ് ട്വിറ്ററിന്റെ വരുമാനത്തില്‍ കുറവുണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് മസ്‌കിന്റെ വിശദീകരണം. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷം തലപ്പത്തുള്ള ചിലരെ മാറ്റിയതും ഉള്ളടക്കത്തില്‍ മാറ്റംവരുത്തിയതും വന്‍ തോതിലുള്ള പിരിച്ചുവിടലുമെല്ലാം പരസ്യദാതാക്കളെ സ്വാധീനിച്ചിരുന്നു. ട്വിറ്ററിന് എതിരാളിയായി ഫേസ്ബുക് ത്രെഡ്സ് അവതരിപ്പിച്ചതും അടുത്തിടെയാണ്. 

ഒക്ടോബറില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബ്ലൂ, ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കലും ട്വിര്‍ ലോഗോ മാറ്റിയതുമുള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങളാണ് വരുത്തിയത്. കൂടാതെ ഉള്ളടക്ക നിയന്ത്രണങ്ങളില്‍ മാറ്റംവരുത്തി ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ നിരവധി പരസ്യദാതാക്കളാണ് ട്വിറ്ററില്‍ നിന്ന് അകന്നത്. മസ്‌ക് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കാരണം പരസ്യദാതാക്കള്‍ക്ക് മസ്‌കിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇതോടെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ പരസ്യം നല്‍കുന്നത് താത്കാലികമായി നിര്‍ത്തിയിരുന്നു. 

എക്സ്.എ.ഐയുമായി ഇലോണ്‍ മസ്‌ക്

എക്സ്.എ.ഐ (xAI) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിന് അടുത്തിടെയാണ് ഇലോണ്‍ മസ്‌ക് രൂപം നല്‍കിയത്. ട്വിറ്റര്‍ സ്പേസസ് എന്ന പരിപാടിയിലാണ് സുരക്ഷിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച്  മസ്‌ക് വ്യക്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലെ ടെക്നോളജി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ള നിരവധി ഗവേഷകര്‍ അടങ്ങുന്ന ടീമിനെയാണ് മസ്‌ക് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ മനുഷ്യരെക്കാള്‍ മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തുമെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌കിന്റെ ദീര്‍ഘവീക്ഷണം, അനുഭവപരിചയം നേതൃത്വശേഷി എന്നിവ എക്സ്.എ.ഐ യെ ഈ മേഖലയിലെ ഒന്നാമനാക്കി മാറ്റുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. എ.ഐയുടെ പുത്തന്‍ സാധ്യതകള്‍, നേട്ടങ്ങള്‍ എന്നിവ സ്വന്തമാക്കുകയും അതിനോടൊപ്പം ചാറ്റ് ജിപിടിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയുമാണ് എക്സ.്എ.ഐ യിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. എക്സ്.എ.ഐ യുടെ വരവ് വലിയൊരു രീതിയില്‍ ചാറ്റ് ജിപിടിക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയുമാണ് പുതിയ കമ്പനിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഗവേഷണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

ട്രൂത്ത് ജിപിടി എന്ന ബദല്‍ സംവിധാനം

ട്രൂത്ത് ജിപിടി എന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു.  സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രൂത്ത് ജിപിടി എന്നാണ് മസ്‌കിന്റെ വാദം. എഐ മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ കെല്‍പ്പുള്ളതാണ്, പക്ഷേ ട്രൂത്ത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ സ്ഥാപനത്തിന്റെ സഹസ്ഥാപകനായിരുന്നു ഇലോണ്‍ മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തുപോയത്. നുണ പറയാന്‍ പരീശിലനം ലഭിച്ച ചാറ്റ് ബോട്ടായാണ് മസ്‌ക് പിന്നീട് ഓപ്പണ്‍ എഐയെ വിശേഷിപ്പിച്ചത. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിനുവേണ്ടി മാത്രമാണ് ഇത് നിലക്കൊള്ളുന്നത് എന്നും മസ്‌ക് പറഞ്ഞിരുന്നു.


#Daily
Leave a comment