TMJ
searchnav-menu
post-thumbnail

TMJ Daily

മെറ്റ ത്രെഡ്സിനെതിരെ കേസ് കൊടുക്കാനൊരുങ്ങി ട്വിറ്റര്‍

07 Jul 2023   |   2 min Read
TMJ News Desk

തിവേഗം പ്രശസ്തിയാര്‍ജിച്ച ത്രെഡ്‌സിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ട്വിറ്റര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ത്രെഡ്‌സിന്റെ രൂപഭാവങ്ങള്‍, പ്രത്യേകിച്ചും ന്യൂസ് ഫീഡ്, റീപോസ്റ്റിംഗ് സംവിധാനം എന്നിവയെല്ലാം സമാനമാണെന്ന് ആരോപിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്റര്‍ പിരിച്ചുവിട്ട ജീവനക്കാരെ ഉപയോഗിച്ചാണ് ത്രെഡ്‌സ് വികസിപ്പിച്ചതെന്ന അഭ്യൂഹങ്ങള്‍ ഇതിനോടകം ഉയര്‍ന്നിരുന്നു.

''മത്സരം നല്ലതാണ്, വഞ്ചന ശരിയല്ല'' ത്രെഡ്‌സിന്റെ റിലീസിനെ തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. മെറ്റയുടെ കണക്കുക്കള്‍ അനുസരിച്ച് ഏകദേശം 30 ദശലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം ത്രെഡ്‌സിന്റെ ഉപയോക്താക്കളായി മാറിയിട്ടുണ്ട്. ട്വിറ്റര്‍ അധികാരികളുടെ ആരോപണമനുസരിച്ച് മെറ്റ ഡസണ്‍ കണക്കിന് മുന്‍ ട്വിറ്റര്‍ ജീവനക്കാരെ ജോലിക്കായി നിയമിച്ചിട്ടുണ്ടെന്നും ഇതുമൂലമാണ് ത്രെഡ്‌സ് 'കോപ്പിക്യാറ്റ്' ആപ്ലിക്കേഷനായിരിക്കുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ ത്രെഡ്‌സ് എന്‍ജിനീയറിംഗ് ടീമിലെ ആരും മുന്‍ ട്വിറ്റര്‍ ജീവനക്കാരല്ലെന്നാണ് മെറ്റയുടെ വിശദീകരണം. എന്തു തന്നെയായിരുന്നാലും രണ്ട് ടെക് ഭീമന്മാര്‍ തമ്മിലുള്ള നിയമപോരാട്ടങ്ങള്‍ക്കായിരിക്കും ഇത് വഴിതുറക്കുക.

ത്രെഡ്‌സ് V/S ട്വിറ്റര്‍

രണ്ട് ആപ്ലിക്കേഷനുകളും തമ്മില്‍ പ്രത്യക്ഷത്തില്‍ രൂപഭാവ സാമ്യങ്ങളുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങളുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന പരമാവധി വാക്കുകളുടെ എണ്ണം 280 ആണെങ്കില്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന വാക്കുകളുടെ എണ്ണം 500 ആണ്. ലിങ്കുകളും ഫോട്ടോകളും രണ്ട് ആപ്ലിക്കേഷനിലും പരിമിതി ഇല്ലാതെ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ്. ത്രെഡ്‌സില്‍ 5 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. പക്ഷേ, ട്വിറ്ററിലിത് 2 മിനിറ്റ് 20 സെക്കന്റസ് മാത്രമാണ്. ട്വിറ്ററില്‍ എഡിറ്റ്, ഡിലീറ്റ്, നേരിട്ടുള്ള സന്ദേശമയക്കല്‍, ട്രെന്‍ഡിംഗ് സ്റ്റോറികള്‍, ഹാഷ് ടാഗുകള്‍ എന്നിവ ലഭ്യമാണെങ്കിലും ത്രെഡ്‌സില്‍ പോസ്റ്റ് ഡിലീഷന്‍ ഒഴിക്കെ ബാക്കിയൊന്നും സാധ്യമല്ല. രണ്ട് ആപ്ലിക്കേഷന്റെയും അക്കൗണ്ട് വെരിഫിക്കേഷന്‍ രീതി വ്യത്യസ്തമാണ്. ത്രെഡ്‌സ് ഇന്‍സ്റ്റഗ്രാം മുഖാന്തരം വെരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ട്വിറ്ററിതിന് പ്രത്യേക മാര്‍ഗങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഇതുകാരണം ട്വിറ്ററിനുള്ള ജനപങ്കാളിത്തം കൂട്ടാനും സാധ്യതയുണ്ട്. ട്വിറ്ററില്‍ ബ്ലു സര്‍വീസ് ആക്ടിവേറ്റ് ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇലോണ്‍ മസ്‌കാണ് ട്വിറ്റര്‍ ഉടമ, മറുവശത്ത് മാര്‍ക്ക് സക്കര്‍ബര്‍ഗും.

ത്രെഡ്‌സെന്ന ബദല്‍ സംവിധാനം

ട്വിറ്ററിന്റെ എതിരാളി എന്ന നിലയിലാണ് ത്രെഡ്‌സിനെ കണക്കാക്കുന്നത്. ട്വിറ്റര്‍ ഉപയോക്താക്കളെ നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ സാധ്യതകള്‍ തേടി ത്രെഡ്‌സിന്റെ വരവ്. എഴുത്തിലൂടെ ആശയ വിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ടാണ് ത്രെഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍. സൗജന്യ സേവനമാണ് ത്രെഡ്സ് ലഭ്യമാക്കുക. ഉപയോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിലും ത്രെഡ്സ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ 100 രാജ്യങ്ങളിലാണ് ത്രെഡ്സ് ലഭ്യമായിരിക്കുന്നത്. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ആപ്‌സ്റ്റോറുകളില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ത്രെഡ്സില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ പുതുതായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങണം.

ടെക് ലോകത്തെ പോരാട്ടം

മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള ഏറ്റുമുട്ടലിന് പുതിയ കാരണമായി ത്രെഡ്സ് മാറും എന്ന വാദം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ത്രെഡ്സ് ഉപയോക്താക്കളില്‍ നിന്ന് ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോഴ്സിയും രംഗത്തെത്തിയിരുന്നു. ഇലോണ്‍ മസ്‌ക് ഇതു ശരിവെക്കുകയും ചെയ്തിരുന്നു. ഒരു സോഷ്യല്‍ മീഡിയ സ്ഥാപനം എന്ന നിലയില്‍ മെറ്റയുടെ ശേഷി വലുതാണ്. ഇന്‍സ്റ്റഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം ആയതുകൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമിന്റെ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗം ആളുകള്‍ ത്രെഡ്സിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ജനപ്രീതി ത്രെഡ്സിന് അനുകൂലമാകാനും സാധ്യതയുണ്ട്. നിലവില്‍ 200 കോടിയോളം ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രാമിനുണ്ട്. ത്രെഡ്സ് വന്നതോടുകൂടി ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിക്കും എന്നാണ് മെറ്റയുടെ പ്രതീക്ഷ. ഈ സാഹചര്യങ്ങളെല്ലാം ട്വിറ്ററിന് വലിയ വെല്ലുവിളിയായേക്കാം.


#Daily
Leave a comment