തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം; കുട്ടിക്കും സഹോദരങ്ങള്‍ക്കും മതിയായ രേഖകളില്ല
തിരുവനന്തപുരത്തെ പേട്ട ചാക്കയില്‍ നിന്നും കാണാതായ രണ്ടുവയസ്സുകാരിക്കും സഹോദരങ്ങള്‍ക്കും ആധാറോ ജനന സര്‍ട്ടിഫിക്കറ്റോ അടക്കമുള്ള രേഖകളില്ല. രേഖകള്‍ ലഭിക്കാത്തതിനാല്‍ ഡി.എന്‍.എ. അടക്കമുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂ.
രണ്ടുവയസ്സുകാരിയെ കണ്ടെത്തി നാലുദിവസം പിന്നിട്ടിട്ടും ദുരൂഹത മാറിയിട്ടില്ല. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനടുത്തെ ഓടയരികില്‍ നിന്നും കുട്ടിയെ കണ്ടെത്തിയെങ്കിലും എങ്ങനെ ഇവിടെയെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയുമായി ബന്ധപ്പെട്ട ഒരു വിവരവും മാതാപിതാക്കള്‍ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ഇടപെടലിലും പോലീസിന് സംശയങ്ങളുണ്ടായിരുന്നു.
അമ്മയും രണ്ടുവയസ്സുകാരിയും സംരക്ഷണകേന്ദ്രത്തില്‍
അമ്മയെയും രണ്ടുവയസ്സുകാരിയെയും വഞ്ചിയൂരിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കും രണ്ടുവയസ്സുകാരിയുടെ സഹോദരങ്ങളായ മൂന്ന് ആണ്‍കുട്ടികളെ ശിശുക്ഷേമസമിതിയിലേക്കുമാണ് മാറ്റിയത്. അമ്മയെയും രണ്ടുവയസ്സുകാരിയെയും മാറ്റുന്നതിനെതിരേ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. കുട്ടിയുടെ അമ്മ നിലവില്‍ നാലുമാസം ഗര്‍ഭിണിയാണ്.
മാതാപിതാക്കളുടെ വിമാനയാത്രാ റിപ്പോര്‍ട്ട്
കുട്ടിയുടെ മാതാപിതാക്കള്‍ വിമാനത്തില്‍ പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തേന്‍ ശേഖരിക്കാനും വില്‍ക്കാനുമാണ് യാത്ര നടത്തിയതെന്നാണ് ഇവരുടെ മൊഴി. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ വന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.