
അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിന്റെ രണ്ടാണ്ട്; തടവിലാക്കപ്പെട്ട് സ്ത്രീ സ്വാതന്ത്ര്യം
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നിട്ട് രണ്ടുവര്‍ഷം തികഞ്ഞു. യുഎസ് സഖ്യസേന മടങ്ങിയതോടെ അഫ്ഗാന്റെ ആധിപത്യം വീണ്ടും താലിബാന്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ സ്ത്രീ സ്വാതന്ത്ര്യവും ഹനിക്കപ്പെട്ടു. ഓരോ ദിവസവും വിചിത്രമായ നിയമങ്ങളും പരിഷ്‌കാരങ്ങളും കൊണ്ട് അഫ്ഗാന്‍ ജനതയെ ശ്വാസംമുട്ടിക്കുന്നതാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ താലിബാന്‍ ഭരണം.
താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പല തവണ തെരുവിലിറങ്ങി. എന്നാല്‍ പ്രതിഷേധങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണ് താലിബാന്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അരക്ഷിതാവസ്ഥയുടെ പാതയിലാണ് അഫ്ഗാന്‍ ജനത.
അടിമത്തത്തിന്റെ പാതയിലേക്ക്
20 വര്‍ഷത്തിനുശേഷം യുഎസ് സേന 2021 ഓഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഏതുവിധേനയും രാജ്യം വിടാൻ, പറന്നുയര്‍ന്ന വിമാനത്തില്‍ ആളുകൾ തൂങ്ങിക്കിടന്ന ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ ഇന്നും മായാത്ത കാഴ്ചയായി അവശേഷിക്കുന്നു. താലിബാന്‍ ഭരണത്തെ അഫ്ഗാന്‍ ജനത എത്രത്തോളം ഭയക്കുന്നു എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ആ ദൃശ്യങ്ങള്‍.
അഫ്ഗാന്‍ ജനത ഭയപ്പെട്ടതു തന്നെയാണ് പിന്നീടുള്ള രണ്ടുവര്‍ഷക്കാലം അഫ്ഗാനില്‍ നിന്നും കേട്ട വാര്‍ത്തകളത്രയും. മനുഷ്യാവകാശങ്ങള്‍ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും പുല്ലുവിലയാണ് താലിബാന്‍ ഭരണകൂടം നല്‍കുന്നത്.
വിവേചന പാതയില്‍ സ്ത്രീകള്‍
താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതമാണ് കൂടുതല്‍ ദുരിതത്തിലായത്. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് താലിബാന്റെ രണ്ടു വര്‍ഷത്തെ ഭരണത്തില്‍ തൊഴിലരഹിതരായത്. കൂടാതെ കാബൂളിലും മറ്റു സമീപ പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്കും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. താലിബാന്റെ ഉത്തരവ് പ്രകാരം കാബൂളിലും രാജ്യത്തെ മറ്റു പ്രവിശ്യകളിലും സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും, ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഉന്നതനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍, അന്താരാഷ്ട്ര സംഘടനകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനവും നിഷേധിച്ചു. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ പോകരുതെന്ന വിചിത്ര നിയമവും അഫ്ഗാനില്‍ നടപ്പിലാക്കി. വസ്ത്രധാരണത്തിലും താലിബാന്‍ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. പൊതുസ്ഥലത്ത് ശരീരം മുഴുവന്‍ മറയ്ക്കുന്ന ബുര്‍ഖ നിര്‍ബന്ധമാക്കി.
2021 ഡിസംബറിലാണ്, സ്ത്രീകള്‍ ആഭ്യന്തര, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീ സമൂഹത്തെ മുഴുവന്‍ തങ്ങളുടെ ആധിപത്യത്തില്‍ ഞെരിച്ചമര്‍ത്തുന്ന നയങ്ങളാണ് കഴിഞ്ഞ രണ്ടുവവഷവും താലിബാന്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടുള്ളത്. അടുത്തിടെ, വിവാഹമോചിതരായ സ്ത്രീകള്‍ ആദ്യഭര്‍ത്താവിനൊപ്പം തന്നെ ജീവിതം തുടരണമെന്നും ഇസ്ലാമിക ശരിയാ പ്രകാരം മാത്രമേ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കഴിയൂവെന്നും താലിബാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായി വൈവാഹിക ജീവിതത്തില്‍ നിന്നും മോചനം നേടിയ നിരവധി സ്ത്രീകള്‍ക്ക് മുന്‍ഭര്‍ത്താവിന്റെ കൂടെത്തന്നെ ജീവിക്കേണ്ടി വരുന്നു. അതിനു തയ്യാറല്ലാത്ത പല സ്ത്രീകളും കുട്ടികളെയും കൊണ്ട് ഒളിവു ജീവിതമാണ് നയിക്കുന്നത്.
ക്രൂശിക്കപ്പെടുന്ന ബാല്യം
പത്തു വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ മേധാവികള്‍ക്ക് താലിബാന്‍ അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ പഠനത്തിനായി എത്തുന്നവരെയും മൂന്നാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞ ഡിസംബറിലും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനെ താലിബാന്‍ വിലക്കിയിരുന്നു. ഇതിനെതിരെ യുഎന്‍ ഉള്‍പ്പെടെയുള്ള വിവിധ വിദേശ സര്‍ക്കാരുകളില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
അഫ്ഗാനിസ്ഥാനില്‍ 60% പെണ്‍കുട്ടികള്‍ക്കും 46% ആണ്‍കുട്ടികള്‍ക്കും പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം അഫ്ഗാനിസ്ഥാനില്‍ ഏകദേശം 3.7 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളുകള്‍ക്ക് പുറത്താണെന്നാണ് പറയപ്പെടുന്നത്.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ മുന്‍പും പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഭീകര സംഘടനയായ താലിബാന്‍, അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതിനുശേഷം ജനജീവിതം വളരെയധികം ദുസ്സഹമാണ്. കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ രാജ്യം ലോകത്തില്‍ ഏറ്റവും പിന്നില്‍ എത്തിയിരുന്നു. സന്നദ്ധസംഘടനയായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ 193 രാജ്യങ്ങളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ സര്‍വെ റിപ്പോര്‍ട്ടിലാണ് അഫ്ഗാനിസ്ഥാന്റെ കുട്ടികള്‍ക്കെതിരെയുള്ള അവകാശ ലംഘനത്തെ വ്യക്തമാക്കുന്നത്. ജീവിതശൈലി, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം, പ്രാപ്തനാക്കുന്ന സാഹചര്യം എന്നീ അഞ്ചു ഘടകങ്ങളെ ആസ്പദമാക്കി നടത്തിയ സര്‍വെയില്‍ 191-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.
പുരുഷന്മാര്‍ക്കും നിയന്ത്രണം
അഫ്ഗാനിസ്ഥാനില്‍ പുരുഷന്മാര്‍ കഴുത്തില്‍ ടൈ അണിയുന്നതിനെയും താലിബാന്‍ വിലക്കി. ടൈ കുരിശിന്റെ അടയാളമാണെന്നും ഇത് ഇസ്ലാം വിരുദ്ധമാണെന്നും താലിബാന്‍ ഉന്നതോദ്യോഗസ്ഥന്‍ മുഹമ്മദ് ഹാഷിം ഷഹീദ് വോര്‍ പറയുന്നു. ഇതാദ്യമായാണ് പുരുഷന്മാരുടെ വസ്ത്രധാരണത്തിലും താലിബാന്‍ ഇടപെടുന്നത്. സാധാരണയായി സല്‍വാര്‍, കമ്മീസ്, തലപ്പാവ്, മേല്‍ക്കുപ്പായം എന്നിവയാണ് അഫ്ഗാന്‍ പുരുഷന്മാരുടെ വേഷം. ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്യൂട്ടും ടൈയും ധരിക്കുന്നത്.
മാധ്യമങ്ങളോടും കടുത്ത അലംഭാവം
കഴിഞ്ഞ 19 മാസങ്ങളായി ഭരണകൂടത്തില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ പ്രതിസന്ധി നേരിടുകയാണ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍. കൃത്യസമയത്ത് വിവരങ്ങള്‍ ലഭിക്കാത്തതിന്റെ അഭാവം മൂലം, വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങള്‍ സമയബന്ധിതമായി കവറേജ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുന്നു. പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുന്നില്ലെന്ന് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരെ ഉദ്ദരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭരണകൂടത്തിന്റെ ഇത്തരം പ്രവണതകളില്‍ ജനങ്ങളും മാധ്യമപ്രവര്‍ത്തകരും കടുത്ത ആശങ്കയിലുമാണ്.
തിരുത്താന്‍ ആരുമില്ല
താലിബാനെതിരെ രാഷ്ട്രീയമായോ സായുധമായോ എതിര്‍പ്പുന്നയിക്കാന്‍ പോന്ന ശക്തികളൊന്നും നിലവില്‍ അഫ്ഗാനിസ്ഥാനില്‍ ഇല്ലെന്നതാണ് അവരുടെ കരുത്ത്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര ശക്തികള്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ അഫ്ഗാന്‍ ജനതയ്ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂ.