
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് കൽമേഗി ചുഴലിക്കാറ്റ്
ഫിലിപ്പീൻസിൽ ആഞ്ഞടിച്ച കൽമേഗി ചുഴലിക്കാറ്റിൽ ഇതുവരെ ഏകദേശം 59 പേർ മരിച്ചതായാണ് വിവരം. എന്നാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണങ്ങളേറെയും. ആയിരത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി അറിയിച്ചു. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ് കാറ്റുവീശിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ സൈനിക ഹെലികോപ്റ്റർ വടക്കൻ മിൻഡാനോ ദ്വീപിൽ തകർന്നുവീണ് ആറ് ജീവനക്കാർ മരിച്ചതായി ഫിലിപ്പീൻസ് എയർഫോഴ്സ് (പിഎഎഫ്) അറിയിച്ചു. മധ്യ ഫിലിപ്പീൻസ് പ്രവിശ്യയായ സെബുവിലാണ് മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് സിവിൽ ഡിഫൻസ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ബെർണാഡോ റാഫലിറ്റോ അലജാൻഡ്രോ പറഞ്ഞു. ഫിലിപ്പിൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു.


