
അണ്ടര്‍-19 വനിത ഏഷ്യാകപ്പ്: കന്നിക്കിരീടം ഇന്ത്യയ്ക്ക്
19 വയസ്സിന് താഴെയുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രഥമ ഏഷ്യാകപ്പ് കിരീടം ഇന്ത്യ കരസ്ഥമാക്കി. കോലാലംപൂരില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ 41 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. ഗൊന്‍ഗാഡി തൃഷയുടെ അര്‍ദ്ധ സെഞ്ച്വറിയും ടീമിന്റെ ബൗളിങ് മികവുമാണ് ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എടുത്തു. ബംഗ്ലാദേശ് 18.3 ഓവറില്‍ 76 റണ്‍സിന് എല്ലാവരും പുറത്തായി.
ടോസ് നേടിയ ബംഗ്ലാദേശ് നായിക സുമയ്യ അക്തര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. തൃഷ 47 പന്തുകളില്‍ നിന്നും 52 റണ്‍സ് എടുത്തു. അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സുകളും തൃഷയുടെ ഇന്നിങ്‌സിലുണ്ട്. എന്നാല്‍, മറ്റ് ഇന്ത്യന്‍ താരങ്ങള്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടുകയും കുറഞ്ഞ സ്‌കോറിന് പുറത്താകുകയും ചെയ്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം മിഥില വിനോദ് ആണ്. 12 പന്തില്‍ നിന്നും 17 റണ്‍സ്. ആയുഷി 13 പന്തില്‍ നിന്നും 10 എടുത്തു.
അതേസമയം, ബംഗ്ലാദേശിനുവേണ്ടി ഫര്‍സാന ഈസ്മിന്‍ 31 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. നിഷിത അക്തര്‍ 23 റണ്‍സിന് 2 വിക്കറ്റുകള്‍ വീഴ്ത്തി.
ഇന്ത്യയുടെ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാകുകയും 18.3 ഓവറില്‍ 76 റണ്‍സിന് പുറത്താകുകയും ചെയ്തു. ജുറിയ ഫര്‍ദൂസ് 30 പന്തില്‍ നിന്നും 22 റണ്‍സും ഫഹോമിദ ചോയ 24 പന്തില്‍ നിന്നും 18 റണ്‍സും എടുത്തു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ ആയുഷി ശുക്ല 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സോനം യാദവ് 13 റണ്‍സിന് രണ്ട് വിക്കറ്റും പരുനിക സിസോഡിയ 12 റണ്‍സിന് രണ്ട് വിക്കറ്റും വി ജെ ജോഷിത 11 റണ്‍സിന് ഒരു വിക്കറ്റും വീഴ്ത്തി. തൃഷയാണ് കളിയിലെ താരം.