യുഎസ് ബാങ്കിങ് പ്രതിസന്ധി: 2008 ആവര്‍ത്തിക്കുന്നോ?
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ ഓര്‍മ്മപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് യുഎസില്‍ നിന്ന് വരുന്നത്. ഏതാനും ദിവസം മുമ്പുണ്ടായ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്കു ശേഷം യുഎസിലെ മറ്റൊരു വലിയ ബാങ്കും പ്രതിസന്ധി നേരിടുകയാണ്. ന്യൂ യോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്നേച്ചര്‍ ബാങ്കാണ് ഇപ്പോള്‍ തകര്‍ച്ചയിലേക്കു നീങ്ങുന്നത്. ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ സജീവമായിരുന്ന സ്ഥാപനമാണ് സിഗ്നേച്ചര്‍ ബാങ്ക്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് നിക്ഷേപകര്‍ കൂട്ടമായി സിഗ്നേച്ചറില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയതോടെ ബാങ്കിലെ പണത്തിന്റെ ലഭ്യത പരുങ്ങലിലാവുകയായിരുന്നു.
സിഗ്നേച്ചര്‍ ബാങ്ക് പ്രശ്‌നത്തിലാകുന്നതിന് മുന്നേ, ക്രിപ്‌റ്റോ വ്യവസായത്തില്‍ കാര്യമായി ഇടപെട്ടിരുന്ന മറ്റൊരു ധനകാര്യ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. കാലിഫോര്‍ണയയിലെ സില്‍വര്‍ഗേറ്റ് ബാങ്കാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. ഇവ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ പ്രതിസന്ധികളുണ്ടാക്കാന്‍ സാധ്യതയുമുണ്ട്. ബാങ്കുകള്‍ ഒന്നൊന്നായി തകര്‍ച്ച നേരിട്ടതോടെ യുഎസിലെ ഓഹരിക്കമ്പോളം ഇടിയുകയും മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി പരക്കുകയും ചെയ്തു.
ലോകത്താകമാനം സാമ്പത്തിക സ്ഥാപനങ്ങളുടെ ഓഹരി വിലകള്‍ താഴ്ന്നു. അവയുടെ ആകെ മൂല്യത്തില്‍ 465 ബില്യണ്‍ ഡോളറിന്റെ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാങ്കുകളുടെ തകര്‍ച്ചയുടെ കാര്യകാരണങ്ങള്‍ യുഎസിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്വ് പഠിച്ചു വരികയാണ്. സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച 15 വര്‍ഷം മുമ്പുണ്ടായതിനോടു സമാനതയുള്ള സംഭവമല്ലെന്നായിരുന്നു യുഎസ് ട്രെഷറി സെക്രട്ടറി ജാനെറ്റ് യെല്ലന്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ സിഗ്നേച്ചര്‍ ബാങ്ക് സംഭവം കൂടിയായതോടെ പ്രസിഡന്റ് ജോ ബൈഡന് പരസ്യ പ്രതികരണവുമായി രംഗത്തു വരേണ്ടി വന്നു.
ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍, 11,000 കോടി ഡോളറിന്റെ നിക്ഷേപവും, 8,859 കോടി ഡോളര്‍ നിക്ഷേപവുമുള്ള സിഗ്നേച്ചര്‍ ബാങ്കു കൂടി വീഴുന്നതോടെ സാമ്പത്തിക രംഗത്ത് കാര്യമായ ഉലച്ചിലുണ്ട് എന്ന വസ്തുത പ്രകടമായിരിക്കുകയാണ്. 2008 ന് ശേഷമുള്ള ഏറ്റവും വലിയ ബാങ്കിങ് പ്രതിസന്ധിക്കാണ് നിലവില്‍ അമേരിക്ക സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.