TMJ
searchnav-menu
post-thumbnail

TMJ Daily

യുഎപിഎ കേസ്; പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

19 Apr 2023   |   2 min Read
TMJ News Desk

ൽഹി സർവകലാശാല മുൻ പ്രൊഫസറും ആക്ടിവിസ്റ്റുമായ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. കേസ് വീണ്ടും മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

1967 ലെ ഭീകരവിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് പ്രകാരം സായിബാബയ്ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ ചുമത്തിയ ജീവപര്യന്തത്തിനെതിരെ അപ്പീൽ നൽകാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ച്.

കേസ് നാല് മാസത്തിനകം ഹൈക്കോടതി തീർപ്പാക്കണമെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവി കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ പരിഗണിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം പ്രോസിക്യൂഷന് സാധുവായ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി, കേസിൽ സായിബാബയെയും മറ്റുള്ളവരെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ജി എൻ സായിബാബയെ 2017 മാർച്ചിൽ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. സായിബാബയ്ക്ക് പുറമെ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർത്ഥി ഹേം മിശ്ര, മാധ്യമപ്രവർത്തകൻ പ്രശാന്ത് സാംഗ്ലിക്കർ, മഹേഷ് ടിർക്കി, പാണ്ഡു നരോത എന്നിവർക്കും ജീവപര്യന്തം തടവ് വിധിച്ചിരുന്നു. മറ്റൊരു പ്രതി വിജയ് ടിർക്കിക്ക് 10 വർഷം തടവും വിചാരണ കോടതി വിധിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് വിൽച്ചെയറിലായ സായിബാബ സമർപ്പിച്ച അപ്പീലിലാണ് ബോംബെ ഹൈക്കോടതി 2022 ഒക്ടോബറിൽ അദ്ദേഹത്തെ വെറുതെ വിട്ടത്. ജസ്റ്റിസുമാരായ രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ നേരത്തെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയ മറ്റു അഞ്ചുപേരെയും ഹൈക്കോടതി വെറുതെ വിട്ടിട്ടുണ്ട്. ഇതിലൊരാളായ പാണ്ഡു നരോതെ അപ്പീൽ ഹർജിയിൽ വാദം കേൾക്കുന്ന സമയത്ത് മരിച്ചു. ബാക്കിയുള്ളവർ മറ്റേതെങ്കിലും കേസുകളിൽ പ്രതികളല്ലെങ്കിൽ ഉടൻ ജയിൽ മോചിതരാക്കണെമെന്നായിരുന്നു അന്ന് കോടതി നിർദേശിച്ചത്.

എന്നാൽ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നല്കിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി പ്രത്യേക ബെഞ്ച് ബോംബെ ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്തു. പ്രതികളുടെ പേരിൽ ആരോപിക്കുന്ന കുറ്റകൃത്യത്തിന്റെ ഗൗരവം ഉൾപ്പെടെ കേസിന്റെ യോഗ്യതകൾ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ജി എൻ സായിബാബ

ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ രാംലാൽ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ജി എൻ സായിബാബ. 2003 ൽ തുടക്കമിട്ട അദ്ദേഹത്തിന്റെ അധ്യാപകജീവിതം 2014 ലാണ് അവസാനിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതോടെ സായിബാബയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് 2021 ൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും കോളേജ് അധികൃതർ അറിയിച്ചു.

പ്രകാശ് എന്ന പേരിൽ മകളുടെ സ്‌കൂളിലെ പ്രധാനാധ്യാപകനും അദ്ദേഹത്തിന്റെ കോളേജിലേയ്ക്കും ഹൈദരാബാദിലെ ഒരു സ്ഥാപനത്തിലേയ്ക്കും അദ്ദേഹം കത്തുകളയച്ചു. ഇതു കൂടാതെ, മാവോയിസ്റ്റ് നേതാക്കൾക്കും കത്തുകളയച്ചു എന്നാണ് പ്രോസ്‌ക്യൂഷൻ സായിബാബയ്‌ക്കെതിരെ ആരോപിക്കുന്നത്. കത്തിൽ അദ്ദേഹത്തിന്റെ വൈകല്യത്തെപ്പറ്റിയും ഡൽഹിയിലെ ജീവിതത്തെപ്പറ്റിയും എഴുതിയെന്നാണ് പ്രോസിക്യൂഷൻ വെളിപ്പെടുത്തൽ. കൂടാതെ തന്റെ ജോലി ഉപേക്ഷിച്ച് മറ്റ് അണ്ടർഗ്രൗണ്ട് ജോലികൾക്ക് പോകാൻ താൽപര്യപ്പെട്ടുവെന്നും വെളിപ്പെടുത്തി. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും സ്വാധീനം നഷ്ടപ്പെട്ട സായിബാബ 2014 ൽ അറസ്റ്റിലായതു മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ്. ഹൈക്കോടതി കുറ്റമുക്തൻ ആക്കിയെങ്കിലും സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തതിനാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിച്ചിട്ടില്ല.


#Daily
Leave a comment