TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

ഓസ്‌ട്രേലിയന്‍ ടാക്‌സി ഡ്രൈവര്‍മാരുമായുള്ള കേസ്; 178 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ച് ഊബര്‍

18 Mar 2024   |   1 min Read
TMJ News Desk

സ്‌ട്രേലിയന്‍ ടാക്‌സി ഓപ്പറേറ്റര്‍മാരും ഡ്രൈവര്‍മാരും നല്‍കിയ കേസ് തീര്‍പ്പാക്കാന്‍ 178 മില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിച്ച് ഊബര്‍. കമ്പനിയുടെ കടന്നുവരവ് വരുമാന നഷ്ട്ടമുണ്ടാക്കിയെന്നാരോപിച്ച് 2019 ലാണ് ഓസ്‌ട്രേലിയയിലെ 8000 ത്തിലധികം ടാക്‌സി ഡ്രൈവര്‍മാര്‍ കമ്പനിക്കെതിരെ പരാതി നല്‍കുന്നത്. സാമ്പത്തിക ഒത്തുതീര്‍പ്പിന് ഊബര്‍ സമ്മതിച്ചതിനാല്‍ കേസ് ഒഴിവാക്കുന്നുവെന്ന് അഭിഭാഷകന്‍ മൈക്കല്‍ ഡൊണലി അറിയിച്ചു. ഓസ്‌ട്രേലിയയുടെ നിയമ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റില്‍മെന്റുകളിലൊന്നാണിതെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി. പണം അടയ്ക്കുന്നതിന് മുമ്പ് സെറ്റില്‍മെന്റിന് സുപ്രീം കോടതി അംഗീകാരം നല്‍കേണ്ടതുണ്ട്.

നിയമലംഘനം നടത്തിയെന്ന് ആരോപണം

അക്രഡിറ്റഡ് ഡ്രൈവര്‍മാരും ലൈസന്‍സില്ലാത്ത കാറുകളും ഉപയോഗിച്ചതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ഊബറിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. 2012 ല്‍ ഊബറിന്റെ വിപണിയിലേക്കുള്ള കടന്നുകയറ്റം മൂലം ഡ്രൈവര്‍മാര്‍ക്കും കാര്‍ ഉടമകള്‍ക്കും സാമ്പത്തിക നഷ്ട്ടമുണ്ടാക്കിയെന്നും അവര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കാതിരിക്കാന്‍ കമ്പനി തുടര്‍ച്ചയായി ശ്രമിച്ചുവെന്നും മൈക്കല്‍ ഡൊണലി വാദിച്ചു. എന്നാല്‍ കമ്പനി ആരംഭിക്കുമ്പോള്‍ റൈഡ് ഷെയറിംഗ് നിയന്ത്രണങ്ങള്‍ ലോകത്തെവിടെയും ഉണ്ടായിരുന്നില്ലെന്നാണ് ഊബര്‍ പ്രതികരിച്ചത്.

റൈഡ് ഷെയറിംഗ് ഉയര്‍ച്ച ഓസ്‌ട്രേലിയയുടെ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ വളര്‍ത്തിയെന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പുതിയ വരുമാന സ്രോതസ്സ് നല്‍കിയെന്നും കമ്പനി അവകാശപ്പെട്ടു. 2018 മുതല്‍ സംസ്ഥാന തലത്തിലുള്ള വിവിധ ടാക്‌സി നഷ്ട്ടപരിഹാര പദ്ധതികളിലേക്ക് ഊബര്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും ഈ സെറ്റില്‍മെന്റ് അത്തരത്തിലൊന്നായി കാണുന്നുവെന്നും കമ്പനി പറഞ്ഞു. ഊബര്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ സുരക്ഷിതത്വവും വിശ്വാസ്യതയും സംരക്ഷിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സമാന ആരോപണത്തില്‍ ഫ്രാന്‍സിലും 2500 ടാക്‌സി ഡ്രൈവര്‍മാര്‍ കമ്പനിക്കെതിരെ കേസ് നല്‍കിയിരുന്നു.


#Daily
Leave a comment