TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

ഏക സിവിൽ കോഡ്; വിശാല ഐക്യം വേണമെന്ന് സിപിഐഎം, ലീഗ് നിലപാടിൽ കോൺഗ്രസിന് തൃപ്തി

10 Jul 2023   |   4 min Read
TMJ News Desk

ക സിവിൽ കോഡ് വിഷയത്തിൽ സിപിഐഎം 15-ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേത്യത്വം വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ളവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ലീഗ് തീരുമാനം വ്യക്തമാക്കിയത്.

സിപിഐഎം സെമിനാറിൽ ലീഗ് പങ്കെടുക്കില്ല. മുസ്ലീം സംഘടനകൾക്ക് സെമിനാറിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ വിഷയത്തെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. മുസ്ലീം ലീഗ് യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ രാജ്യത്ത് പ്രതികരിക്കാൻ കഴിയുക കോൺഗ്രസിനാണ്. അവരുടെ നേതൃത്വത്തിലാണ് ഇതിന് ശക്തിപകരാൻ സാധിക്കുക, അതുകൊണ്ട് തന്നെ മുസ്ലീം ലീഗിന് എല്ലാവരുമായി കൂടിച്ചേർന്നുകൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. യുഡിഎഫിലെ മറ്റ് ഘടക കക്ഷികളെ ഒന്നും സെമിനാറിലേക്ക് ക്ഷണിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ, യുഡിഎഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷി എന്ന നിലയ്ക്ക് മുസ്ലീം ലീഗിന് ഈ സെമിനാറിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് നേതൃത്വത്തിന്റെ തീരുമാനം എന്ന് സാദിഖലി ശിഹാബ് തങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

മുസ്ലീം ലീഗ് ഇത്തരത്തിൽ വിശാലമായ ഒരു നിലപാട് എടുത്തതോടു കൂടി കേരള രാഷ്ട്രീയത്തിൽ വ്യത്യസ്ത ചർച്ചകൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. കോൺഗ്രസ് ഈ സാഹചര്യത്തിൽ സിപിഐഎമ്മിന് എതിരെ ഉന്നയിക്കുന്ന പ്രധാന വിമർശനം  ഏക സിവിൽ കോഡ് വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എന്നാണ്. വിഷയത്തിൽ വിവിധ നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.

ലീഗ് കെണിയിൽ വീണില്ല; കെ സുധാകരൻ

മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും അകറ്റുക എന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമാണ്. സെമിനാറിൽ പങ്കെടുക്കില്ല എന്ന ലീഗ് തീരുമാനം ഉചിതം. മുസ്ലിം ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും തമ്മിലുള്ള കേരള രാഷ്ട്രീയത്തിലെ ബന്ധം എല്ലാവർക്കും അറിയുന്നതാണ്, വളരെ സന്തോഷകരമായിട്ടാണ് ഞങ്ങൾ ലീഗിന്റെ തീരുമാനത്തെ കാണുന്നത്, ഒരിക്കലും മുസ്ലിം ലീഗ് കോൺഗ്രസിനെ വിട്ടുപോവില്ല  എന്ന പൂർണ വിശ്വാസം ഞങ്ങൾക്കുണ്ട്. ഈ മുന്നണി സംവിധാനത്തിന്റെ സൂത്രധാരകരിൽ ഒരു പാർട്ടിയായിരുന്നു ലീഗ്. ലീഗിന്റെ വികാര വിചാരങ്ങൾ ഉൾക്കൊണ്ടു മാത്രമേ കോൺഗ്രസ് പ്രവർത്തിച്ചിട്ടുള്ളു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ല എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. സിപിഐഎമ്മിന്റേത് കുറുക്കന്റെ പോളിസിയാണ്. ആ കെണിയിൽ പോയി വീഴാതിരിക്കുക എന്നതാണ് ലീഗിന്റെ തീരുമാനം, യൂണിഫോം സിവിൽ കോഡിനെതിരെ കോൺഗ്രസ് ജനസദസ് പ്രഖ്യാപിച്ചിട്ടുണ്ട്, അഖിലേന്ത്യാ തലത്തിൽ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരുപാടികൾ നടത്തും, മുന്നോടിയായി കോഴിക്കോട് ജനസദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബഹുസ്വരതയെ ഒരുമിച്ച് നിർത്തിയ ശക്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അല്ലെങ്കിൽ ഈ രാഷ്ട്രം ഉണ്ടാകുമായിരുന്നില്ല എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. 

സിപിഐഎം രാഷ്ട്രീയക്കളി അവസാനിപ്പിക്കണം; രമേശ് ചെന്നിത്തല

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം രാഷ്ട്രീയക്കളി അവസാനിപ്പിക്കണം എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപി ചെയ്യുന്ന അതേ കാര്യമാണ് സിപിഐഎമ്മും ചെയ്യുന്നത്, വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ ലാഭംകൊയ്യാൻ ബിജെപി നടത്തുന്ന അതേ ശ്രമമാണ് കേരളത്തിൽ സിപിഐഎം നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇത്തരം വിഷയങ്ങളെ ഉപയോഗിക്കുന്ന സിപിഐഎം ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. വാസ്തവത്തിൽ പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നു വന്നത്. ഈ കാര്യത്തിൽ കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടാണ്, ഭരണഘടനാ നിർമ്മാണ സമിതി മുതൽ ഇതുവരെ കോൺഗ്രസ് ആ നിലപാടിൽ നിന്നും മാറിയിട്ടില്ല. സിപിഐഎം ആണ് ഏക സിവിൽ കോഡ് വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ഒരു പാർട്ടി. ഇഎംഎസ് ആണ് ഈ ആവശ്യത്തിനു വേണ്ടി വീറോടെ വാദിച്ചത്. നായനാർ അതിനെ പൂർണമായും പിന്തുണച്ചതാണ്. ഏക സിവിൽ കോഡ് വേണമെന്ന നയപരമായ തീരുമാനമെടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിടത്തും അത് തിരുത്തി കണ്ടിട്ടില്ല. തങ്ങളുടെ മുൻനിലപാടുകൾ പലതും പിൽകാലത്ത് തിരുത്തുന്ന പാർട്ടി ഏക സിവിൽകോഡുമായി ബന്ധപ്പെട്ട ഇഎംഎസ്സിന്റെ നിലപാടിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല, അങ്ങനെയുള്ളൊരു പാർട്ടി ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയക്കളി മാത്രമാണ്. ഒരാത്മാർത്ഥതയും അവർക്ക് ആ കാര്യത്തിൽ ഇല്ല. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ അവർക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ഇഎംഎസ്സിന്റെ നിലപാടിനെ തള്ളിപ്പറയുകയാണ് വേണ്ടത്. ആ നിലപാട് തള്ളിപ്പറയാതെ വിവിധ ജനവിഭാഗങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ സിപിഐഎം അവസാനിപ്പിക്കണം. കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാടെ ഉള്ളു, ആ നിലപാടിൽ നിന്ന് ഞങ്ങൾ ഒരിക്കലും മാറിയിട്ടില്ല, സെമിനാറിലേക്ക് അവർ ലീഗിനെ ക്ഷണിച്ചു പക്ഷേ ലീഗ് വളരെ പക്വമായ തീരുമാനമാണ് എടുത്തത്. ലീഗിന് ആ രാഷ്ട്രീയക്കളി പൂർണമായും ബോധ്യപ്പെട്ടതുകൊണ്ടാണ് ലീഗ് അതിൽ പങ്കെടുക്കേണ്ട എന്ന നിലപാട് എടുത്തത്. അത് ജനാധിപത്യ വിശ്വാസികൾ സ്വാഗതം ചെയ്യുന്ന നിലപാടാണ്. ആദ്യം മുതൽ തന്നെ ലീഗ് പറഞ്ഞത് ഇതിനെ ഒരു രാഷ്ട്രീയ വിഷയം ആക്കാൻ പാടില്ല എന്നാണ്. ഇത് ഏതെങ്കിലും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മാത്രമുള്ള പ്രശ്‌നമല്ല ഏക സിവിൽ കോഡ് ഇന്ത്യയിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്‌നമല്ല. ആദിവാസി സമൂഹം, ഹിന്ദുക്കളിൽ തന്നെ വിവിധ വിഭാഗങ്ങൾ അവർക്കൊന്നും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് ഏക സിവിൽ കോഡ്. രാജ്യത്തിന്റെ ലിബറൽ സ്വഭാവത്തിന് അനുസൃതമായി മാത്രമേ നമുക്ക് മുന്നോട്ട് പോകാൻ കഴിയു. അതില്ലാതെ ഈ വിഷയം ബോധപൂർവ്വം ഹിന്ദു-മുസ്ലീം പ്രശ്‌നമായി വരുത്തിത്തീർക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് സിപിഐഎമ്മും കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിയാൻ ലീഗിനു കഴിഞ്ഞു എന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലീഗ് വരാത്തത് തിരിച്ചടിയല്ല

സെമിനാറിലേക്ക് ലീഗ് വരാത്തത് തിരിച്ചടി അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദൻ. ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ബിജെപി, വർഗീയതയിലേക്ക് മാത്രമല്ല ഫാസിസത്തിലേക്ക് കൂടിയാണ് നീങ്ങുന്നത്. ഈ ഫാസിസത്തെ ഫലപ്രദമായി ഇല്ലാതാക്കി കൊണ്ടല്ലാതെ ഇന്ത്യയിൽ മുന്നോട്ടു പോകാൻ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് സാധിക്കില്ല. അതുകൊണ്ട് മതനിരപേക്ഷ പ്രസ്ഥാനങ്ങളാകെ അതി വിപുലമായ രീതിയിൽ ഏക സിവിൽ കോഡ് എന്ന, ഫാസിസത്തിലേക്ക് കടക്കാനുള്ള ബിജെപിയുടെ വഴി പ്രതിരോധിക്കണം. കോൺഗ്രസ് ഹൈക്കമാന്റ്  ഇന്ത്യയിൽ ഉടനീളം ഏക സിവിൽ കോഡിനെതിരായി അതിശക്തമായ പോരാട്ടത്തിലേക്കും സമരത്തിലേക്കും ഉണ്ടെന്ന് പറയട്ടെ, സെമിനാറിൽ കോൺഗ്രസിനെ ഉൾപ്പെടുത്തണോ എന്ന് അപ്പോൾ ആലോചിക്കാം. കോൺഗ്രസിന് ഏക സിവിൽ കോഡിൽ കൃത്യമായ നിലപാടില്ലാത്തത് കൊണ്ടാണ് ക്ഷണിക്കാത്തത് എന്നാണ് ലീഗിന്റെ തീരുമാനത്തിൽ എം വി ഗോവിന്ദൻ പ്രതികരിച്ചത്. കൂടാതെ ''ഇഎംഎസ് എടുത്ത നിലപാടിനെ കുറിച്ച് ഇവർ പറയുന്നത് ശരിയല്ല. ഭരണഘടനാപരമായി തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് ഏക സിവിൽ കോഡിനെ കുറിച്ചുള്ള കാഴ്ചപ്പാട്. എന്നാൽ അതിന് അനുകൂലമായ രാഷ്ട്രീയ സാമൂഹിക ജീവിതം വേണം, അതില്ലാത്തിടത്തോളം കാലം ഏക സിവിൽ കോഡ് നടപ്പാക്കാൻ സാധിക്കില്ല. അതാണ് ഇഎംഎസും പറഞ്ഞത്. അത് കൃത്യമായ നിലപാടാണ് എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

എന്നാൽ ലീഗിന്റെ തീരുമാനം കോൺഗ്രസിന്റെ സമ്മർദ്ദത്തിൽ ആണ്, അണികൾ ഇതിനോട് യോജിക്കില്ല. ലീഗിന് അധിക കാലം ഇങ്ങനെ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മന്ത്രി വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. 

ഏക സിവിൽ കോഡിനെതിരെ സിപിഐഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത സംസ്ഥാന പ്രസിഡന്റ്  സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.


#Daily
Leave a comment