
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി, സെന്തിൽ ബാലാജി വീണ്ടും മന്ത്രിസഭയിൽ
തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
വി സെന്തിൽ ബാലാജി അടക്കം നാല് പേർ മന്ത്രിമാർ ആയി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 3.30ന് ആവും സത്യപ്രതിജ്ഞ ചടങ്ങ്. കള്ളപ്പണ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ആണ് ബാലാജി ജയിൽ മോചിതൻ ആയത്. അതിന് പിന്നാലെയാണ് മന്തിസഭാ പുനഃസംഘടന പ്രഖ്യാപനമുണ്ടാവുന്നത്.
ചെഴിയൻ, ആർ രാജേന്ദ്രൻ, എസ്എം നാസർ എന്നിവരാണ് പുതുതായി മന്ത്രിസഭയിൽ എത്തുന്നവർ.
ഉദയനിധി 46 ആം വയസിൽ ആണ് തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി ആകുന്നത്. നിലവിൽ കായിക യുവജനക്ഷേമ മന്ത്രിയായ ഉദയനിധിക്ക് ആസൂത്രണ- വികസന വകുപ്പുകൾ കൂടി നൽകും നിലവിൽ കായിക-യുവജനക്ഷേമ മന്ത്രി എന്നതിന് പുറമെ, പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതലയും ഉദയനിധി സ്റ്റാലിൻ നിർവഹിക്കുന്നുണ്ട്.
ലോക്സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. ഉദയനിധിയെ ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.
സ്റ്റാലിന്റെ പാതയിൽ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സർക്കാരിൽ ആധിപത്യം വർധിപ്പിക്കുന്നതിനും ഭരണത്തിൽ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യംവെക്കുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടിയുടെ മുഖമായി മാറാനും ഉദയനിധി ലക്ഷ്യംവെക്കുന്നുണ്ട്. അതേസമയം, ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ എം.കെ.സ്റ്റാലിൻ നിഷേധിച്ചിരുന്നു.
കായിക-യുവജനക്ഷേമ മന്ത്രി ആയിരുന്ന ഉദയനിധിക്ക്, ആസൂത്രണം, വികസനം വകുപ്പുകളും കൂടി നൽകിയിട്ടുണ്ട്.