
പ്രകടനപത്രിക അവതരിപ്പിച്ച് യുഡിഎഫ്
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിച്ചു. സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കുമെന്നും, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി തുടങ്ങിയ പദ്ധതി നവീകരിച്ച് 'ആശ്രയ 2' നടപ്പാക്കുമെന്നും സതീശൻ മാധ്യമങ്ങളോടായി പറഞ്ഞു. വിശദമായ പഠനത്തിന് ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് വിഡി സതീശൻ അറിയിച്ചു.
സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കായി പ്രത്യേക പദ്ധതിയും അതിനായി 13 ശതമാനം പഞ്ചായത്ത് ഫണ്ട് മാറ്റിവയ്ക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ അവകാശപ്പെടുന്നു. ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ആറ് പ്രധാന കോർപ്പറേഷനുകളിൽ വിദേശ രാജ്യങ്ങളിലേത് പോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നും, ഗ്രാമീണ റോഡുകൾ ഗുണനിലവാരമുള്ളതും, തെരുവ് വിളക്ക് സംവിധാനം മെച്ചപ്പെടുത്തുമെന്നും പത്രികയിൽ പറയുന്നു.
തെരുവ് നായ ശല്യം ഒഴിവാക്കാനും, സുരക്ഷയ്ക്കുമായുള്ള പദ്ധതികൾ, വന്യ ജീവികളിൽ നിന്നുള്ള സംരക്ഷണം, കുടിവെള്ളം, ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.


