
യുകെ യുക്രെയ്‌ന് 450 മില്ല്യണ്‍ പൗണ്ടിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു
യുക്രെയ്‌നെ സഹായിക്കുന്ന 50 രാജ്യങ്ങളുടെ കൂട്ടായ്മയുടെ യോഗം ഇന്ന് ബ്രസ്സല്‍സില്‍ ചേരാനിരിക്കെ യുകെ കീവിന് 450 മില്ല്യണ്‍ പൗണ്ടിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു.
യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിന് റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രതിരോധ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞു.
ആയിരക്കണക്കിന് ഡ്രോണുകള്‍ക്കും ആന്റി-ടാങ്ക് മൈനുകള്‍ക്കും സൈനിക വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും അടക്കമുള്ള പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
ഏകദേശം 350 മില്ല്യണ്‍ പൗണ്ട് യുകെ നല്‍കുകയും ബാക്കി തുക യുകെയുടെ നേതൃത്വത്തിലുള്ള യുക്രെയ്‌നുവേണ്ടിയുള്ള അന്താരാഷ്ട്ര ഫണ്ടിലൂടെ നോര്‍വയും നല്‍കും.
യുകെ നേരത്തെ യുക്രെയ്‌ന് നല്‍കിയ വാഹനങ്ങളുടേയും ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണിക്കും പരിപാലനത്തിനും വേണ്ടിയാണ് 160 മില്ല്യണ്‍ പൗണ്ട് നല്‍കുന്നത്.
റഡാര്‍ സംവിധാനങ്ങള്‍, ആന്റി-ടാങ്ക് മൈനുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയ്ക്കായി 250 മില്ല്യണ്‍ പൗണ്ടും നല്‍കും.
യുക്രെയ്‌നിനെ ശക്തമായ നിലയില്‍ എത്തിക്കാന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിര്‍ണായകമാണെന്ന് ഹീലി പറഞ്ഞു. ഈ വര്‍ഷം യുക്രെയ്‌നെ സംബന്ധിച്ച് നിര്‍ണായകമായണെന്നും ഹീലി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 50 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അധ്യക്ഷത വഹിച്ചിരുന്നത് യുഎസ് ആയിരുന്നു. എന്നാല്‍ ട്രംപ് ചുമതലയേറ്റശേഷം യുക്രെയ്‌നെ സഹായിക്കുന്നതില്‍ നിന്നും കൂടാതെ യൂറോപ്പിന്റെ സുരക്ഷയുടെ കാര്യത്തില്‍നിന്നും പിന്നോക്കം പോയതിനെ തുടര്‍ന്ന് ഹീലിയും ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും കൂട്ടായ്മയുടെ സഹ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു.