കെയ്ര്‍ സ്റ്റാര്‍മര്‍
യു കെ പൊതുതെരഞ്ഞെടുപ്പ്: ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ മാത്രം എണ്ണാന്‍ ബാക്കിനില്‍ക്കെ ലേബര്‍ പാര്‍ട്ടി 410 സീറ്റുകള്‍ നേടി. പതിനാല് വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്‍ഡ് സെന്റ് പാന്‍ക്രാസ് സീറ്റില്‍ നിന്നാണ് സ്റ്റാര്‍മര്‍ വിജയിച്ചത്. റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് ഋഷി സുനക് നിലനിര്‍ത്തി. 1997 ലെ ടോണി ബ്ലെയറിന്റെ വന്‍ ഭൂരിപക്ഷ വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടി നേടിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക നയങ്ങളായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയര്‍ന്നുവന്നത്.
എക്‌സിറ്റ് പോള്‍ പ്രവചനം
തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി തന്നെ 410 സീറ്റ് ലേബര്‍ പാര്‍ട്ടി നേടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 131 സീറ്റിലേക്ക് ഒതുങ്ങുമെന്നായിരുന്നു പ്രവചനം. 2010 ലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടനില്‍ അധികാരത്തിലെത്തുന്നത്. 14 വര്‍ഷത്തിനിടെ അഞ്ച് പ്രധാനമന്ത്രിമാര്‍ ഭരിച്ചു. മെയ്മാസത്തിലെ അഭിപ്രായ വോട്ടെടുപ്പിനെ തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുമെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
യു കെ തെരഞ്ഞെടുപ്പ്
ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെയ്ല്‍സ്, രാജ്യങ്ങള്‍ ചേരുന്ന ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രിട്ടന്റെ ജനസംഖ്യ 67 ദശലക്ഷമാണ്. ആകെയുള്ള 650 സീറ്റുകളില്‍ 326 സീറ്റുകള്‍ നേടിയാല്‍ അധികാരത്തിലെത്താം. ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് പുറമെ ലിബറല്‍ ഡെമോക്രാറ്റ്‌സ്, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് യുണിയനിസ്റ്റ് പാര്‍ട്ടി, ഷിന്‍ ഫെയ്ന്‍ എന്നീ പാര്‍ട്ടികളും സ്വതന്ത്രരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. 344 സീറ്റുകളായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുണ്ടായിരുന്നത്. 205 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്കും. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്ക് 43 സീറ്റുകളും ലിബറല്‍ ഡെമോക്രാറ്റ്‌സിന് 15 സീറ്റുകളും ഉണ്ടായിരുന്നു. ബാക്കി 45 സീറ്റുകളില്‍ 9 പാര്‍ട്ടികളിലെ അംഗങ്ങളും സ്വതന്ത്രരുമായിരുന്നു.