
യുക്രെയ്‌നിലേക്ക് സമാധാന സേനയെ അയക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
യൂറോപ്പിന്റെ സൈനിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് പാരീസില്‍ ചേര്‍ന്ന യൂറോപ്യന്‍ നേതാക്കളുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു. എന്നാല്‍, സമാധാനകരാറുകളുടെ ഭാഗമായി ഉക്രെയ്‌നിലേക്ക് സമാധാന സേനയെ അയക്കണമെന്ന ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ ഐക്യമുണ്ടായില്ല.
സമാധാന കരാറിനൊപ്പമല്ലാത്ത യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ അപകടകരമാണെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അമേരിക്ക നല്‍കുന്ന പിന്തുണ അനുസരിച്ച് യുക്രെയ്‌ന് സുരക്ഷാ ഗ്യാരന്റികള്‍ നല്‍കാനും അവര്‍ തയ്യാറാണ്.
റഷ്യയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ മുന്‍കൈയെടുത്താണ് പാരീസ് യോഗം വിളിച്ചു കൂട്ടിയത്. സുരക്ഷാ ഗ്യാരന്റികളെ കുറിച്ച് മാക്രോണ്‍ വിശദമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന് യുക്രെയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.
സുരക്ഷാ ഗ്യാരന്റികള്‍ ശക്തവും വിശ്വസനീയവും ആയിരിക്കണമെന്നതില്‍ തങ്ങള്‍ ഒരേ അഭിപ്രായക്കാരാണെന്ന് സെലന്‍സ്‌കി എക്‌സില്‍ പോസ്റ്റ് ചെയ്തു.
യുക്രെയ്‌നിലേക്ക് സമാധാന സേനയെ അയക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി യുഎസ് സുരക്ഷാ പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു.
സമാധനസേനയെ വിന്യസിക്കുന്നത് റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള അപകട സാധ്യത ഉയര്‍ത്തുന്നുണ്ട്. 2022ല്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം തുടങ്ങിയശേഷം യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കി സഹായിച്ചതിനാല്‍ യൂറോപ്പിന്റെ ആയുധപ്പുരകളുടെ ശേഷിയും കുറവാണ്. കൂടാതെ, ഏതാനും യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഒരു ദീര്‍ഘകാല സൈനിക പ്രതിജ്ഞാബദ്ധതയ്ക്ക് കൈകൊടുക്കുന്നതിന് മുമ്പൊരു വീണ്ടുവിചാരത്തിന് അവരെ പ്രേരിപ്പിക്കും.