
ടിക് ടോക്കിനും റെഡ്ഡിറ്റിനും എതിരെ യുകെ അന്വേഷണം
ബ്രിട്ടന്റെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ടിക് ടോക്കിനും റെഡ്ഡിറ്റിനും ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാവുന്ന ഇംഗുര്‍ എന്ന വെബ്‌സൈറ്റിനും എതിരെ അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സ്വകാര്യതയുടെ സുരക്ഷാചട്ടങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉള്ളടക്കത്തിന് മുന്‍ഗണന നല്‍കാനും ഉപയോക്താക്കളെ സജീവമായി നിര്‍ത്താനും സങ്കീര്‍ണമായ അല്‍ഗോരിതമുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, സമാനമായ ഉള്ളടക്കങ്ങള്‍ കൂടുതലായി കാണിക്കുന്നത് കുട്ടികളെ ക്ഷുദ്രകരമായ ഉള്ളടക്കങ്ങള്‍ സ്വാധീനിക്കും.
13 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളുടെ ഫീഡില്‍ ഉള്ളടക്കം നല്‍കാന്‍ ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ഈ പ്രായ പരിധിയിലെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങളെ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അന്വേഷിക്കുന്നതായി കമ്മീഷണര്‍ പറഞ്ഞു.
എങ്ങനെയാണ് കുട്ടികളുടെ വയസ്സ് കണ്ടെത്തുന്നത് എന്ന അന്വേഷണമാണ് റെഡ്ഡിറ്റും ഇംഗുറും നേരിടുന്നത്.
2023ല്‍ കമ്മീഷണറുടെ ഓഫീസ് ടിക് ടോക്കിന് 12.7 മില്ല്യണ്‍ പൗണ്ട് പിഴ വിധിച്ചിരുന്നു. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗതമായ വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഡാറ്റാ സംരക്ഷണ നിയമ ലംഘനമാണെന്ന് കണ്ടെത്തിയാണ് പിഴ ഈടാക്കിയത്.