
ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ അവലോകനം ചെയ്യുമെന്ന് യുകെ
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ അവലോകനം ചെയ്യുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള അസ്വീകാര്യമായ അക്രമ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് മുകളിലെ ത്രിവര്‍ണ്ണ പതാക ഖലിസ്ഥാന്‍ അനുകൂല വിഘടനവാദികള്‍ വലിച്ചെറിഞ്ഞ് മൂന്നു ദിവസത്തിനുശേഷം വെസ്റ്റ്മിന്‍സ്റ്ററിലെ ഇന്ത്യാ ഹൗസിന് പുറത്ത് വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ലെര്‍ലിയുടെ പ്രസ്താവന. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ അവലോകനം ചെയ്യുന്നതിന് മെട്രോപൊളിറ്റന്‍ പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഹൈക്കമ്മീഷന്റെയും യുകെയിലെ എല്ലാ വിദേശ മിഷന്റെയും സുരക്ഷ എല്ലായ്‌പ്പോഴും ഗൗരവമായാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ തടയാന്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഭവത്തിലെ നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ യുകെ സര്‍ക്കാര്‍ ഇന്ത്യന്‍ മിഷനുമായും ന്യൂഡല്‍ഹിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി. വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്പാല്‍ സിംഗിനെതിരെ പഞ്ചാബില്‍ സുരക്ഷാസേന നടത്തിയ നടപടിക്കെതിരെയാണ് ഖാലിസ്ഥാനി അനുഭാവികള്‍ പ്രകടനം നടത്തിയത്. പ്രതിഷേധക്കാരില്‍ ഒരാള്‍ ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുന്ന വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. അക്രമത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റീന സ്‌കോട്ടിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചിരുന്നു.
ഇതിനിടെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്നലെ വീണ്ടും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ തടഞ്ഞ യുകെ പോലീസിനു നേരെ മഷിയും വെള്ളക്കുപ്പികളും എറിഞ്ഞ് പോലീസിനെതിരെ മുദ്രാവാക്യവും ഉയര്‍ത്തി. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടം, യുകെയിലെ ഇന്ത്യന്‍ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയില്‍ യുകെ സര്‍ക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചിരുന്നു. ഇതിനിടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഡല്‍ഹിയിലെ നയതന്ത്ര പ്രതിനിധിയുടെ വസതിക്കും പുറത്തുള്ള സുരക്ഷ കുറച്ചിരുന്നു. സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് എടുത്തുമാറ്റി.