
സയണിസത്തിനോടുള്ള വിയോജിപ്പുകൾക്കും ജനാധിപത്യ സമൂഹത്തിൽ സ്ഥാനമുണ്ടെന്ന് യുകെ ട്രൈബ്യൂണൽ
ഇസ്രായേലിന്റെ നടപടികൾ വർണവിവേചനവും വംശഹത്യയുമാണെന്ന അഭിപ്രായങ്ങൾ ജനാധിപത്യ സമൂഹം മാനിക്കണമെന്ന് യുകെ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ. ജൂതവിരോധ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് പ്രൊഫസർ ഡേവിഡ് മില്ലറിനെ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോൾ പുറത്താക്കിയത് അന്യായമായ വിവേചനമാണെന്ന് യുകെ എംപ്ലോയ്മെന്റ് ട്രൈബ്യൂണൽ ഫെബ്രുവരിയിൽ വിധിച്ചിരുന്നു. അതിന്റെ 120 പേജ് വരുന്ന വിധിപകർപ്പാണ് ട്രൈബ്യൂണൽ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മില്ലറിന്റെ വിലയിരുത്തലുകളുമായി പലർക്കും വിയോജിപ്പുകളുണ്ടാവാമെങ്കിലും ഇത്തരത്തിൽ അഭിപ്രായങ്ങളുള്ള ആളുകളുണ്ടാവുമെന്ന് വിധി പ്രസ്താവിച്ച ജഡ്ജ് റോഹൻ പിരാനി പറഞ്ഞു.
സയണിസം വർണ്ണവിവേചനവും, സാമ്രാജ്യത്വവാദവും, അധിനിവേശവുമാണെന്ന് പാനലിനോട് പൊളിറ്റിക്കൽ സോഷ്യോളജി പ്രൊഫസറായ മില്ലർ പറഞ്ഞു. സയണിസം വംശഹത്യയിലേക്ക് നയിക്കുന്ന ആശയസംഹിതയാണെന്നും മില്ലർ പറഞ്ഞു. സയണിസത്തോടുള്ള തന്റെ വിയോജിപ്പ് ജൂതർക്കെതിരെയുള്ള വിയോജിപ്പല്ലെന്നും മില്ലർ വ്യക്തമാക്കി. സയണിസത്തിലുള്ള മില്ലറിന്റെ പാണ്ഡിത്യവും പാനൽ പരിഗണിച്ചു.
മില്ലറുടെ 2019ലെ ഒരു ക്ലാസ്സിൽ ഇസ്ലാമോഫോബിയയുടെ അഞ്ച് തൂണുകളിലൊന്ന് സയണിസമാണെന്ന് മില്ലർ പറഞ്ഞിരുന്നു. അതിനെതിരെ രണ്ട് ജൂത വിദ്യാർത്ഥികൾ അന്ന് പരാതിപ്പെട്ടിരുന്നു. കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് മില്ലറുടെ പ്രസ്താവനകൾ അപവാദപ്രചരണമാണെന്ന് ആരോപിച്ചു. ജൂതർക്കെതിരെ ഒരു തരത്തിലുള്ള വിദ്വേഷവും മില്ലർക്ക് ഇല്ലെന്ന് കണ്ടെത്തിയ യൂണിവേഴ്സിറ്റിയുടെ റിവ്യു കമ്മീഷൻ പരാതി ആ തള്ളിക്കളഞ്ഞിരുന്നു.
മറ്റൊരു റിവ്യുവിൽ മില്ലറിന്റെ പ്രസ്താവനകൾ തെറ്റും അനുചിതവുമാണെന്ന് കണ്ടെത്തി. അതിന് ശേഷമാണ് മില്ലറിനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ചില വിഭാഗം ആളുകൾക്ക് നിന്ദ്യമായി തോന്നുമെങ്കിലും ജനാധിപത്യ സമൂഹം മാനിക്കേണ്ട വിശ്വാസങ്ങളാണ് മില്ലർ വച്ച് പുലർത്തുന്നതെന്ന് ട്രൈബ്യൂണൽ അംഗീകരിച്ചു. മില്ലർ തന്റെ അഭിപ്രായങ്ങൾ പൊതുസമൂഹത്തോട് അവതരിപ്പിച്ച രീതിയെ അസാധാരണമെന്നാണ് ട്രൈബ്യൂണൽ വിശേഷിപ്പിച്ചത്.