
ഋഷി സുനക്
കുടിയേറ്റം കുറയ്ക്കാന്‍ നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍
വിദേശത്തു നിന്ന് തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടീഷ് സര്‍ക്കാര്‍. വിസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. വിസ നിയമങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കുടിയേറ്റ തോത് കുറയ്ക്കുമെന്നും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നുമാണ് അദ്ദേഹം പറയുന്നത്. ടോറി പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പുതിയ വിസ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയന്ത്രണമാണ് വരുത്തിയിരിക്കുന്നത്, ഇന്നുവരെ മറ്റൊരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല എന്നും ഋഷി സുനക് പറയുന്നു.
നിയമങ്ങള്‍ കര്‍ശനം
നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ കുടിയേറ്റത്തില്‍ മൂന്നുലക്ഷത്തോളം കുറവുണ്ടാകുമെന്നാണ് കരുതുന്നത്. 2024 പകുതിയോടെ നിയമം പ്രാബല്യത്തില്‍ വരും. അതോടെ ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്‌സ് പഠിക്കുന്നവരൊഴികെയുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ യു.കെ യിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടാകില്ല. ഫാമിലി വിസയ്ക്ക് അപേക്ഷിക്കാനുള്ള ശമ്പള പരിധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സ്‌കില്‍ഡ് വിസ ലഭിക്കാനുള്ള ശമ്പള പരിധി 26,200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ടായി ഉയര്‍ത്തി. മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡിപെന്റന്‍സ് ആയി ഇനി ആളുകളെ കൊണ്ടുവരാന്‍ സാധിക്കില്ല. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളില്‍ ശമ്പള പരിധിയില്‍ 20 ശതമാനം ഇളവുനല്‍കുന്നത് എടുത്തുമാറ്റി.
പുതിയ നിയമത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത് യു.കെ യില്‍ ജോലി ചെയ്യാനും ജീവിക്കാനും തീരുമാനിക്കുന്നവര്‍ സ്വയം പര്യാപ്തതയുള്ളവരാകണം എന്നും രാജ്യത്തിന് ബാധ്യതയാകരുത് എന്നുമാണ്.