TMJ
searchnav-menu
post-thumbnail

TMJ Daily

യുകെ ഒളിയുദ്ധം നടത്തുന്നു, യുക്രൈനിന്റെ അവസാനം അടുത്തുവെന്ന് ലണ്ടനിലെ റഷ്യൻ അംബാസഡർ 

21 Oct 2024   |   1 min Read
TMJ News Desk

ഷ്യയ്‌ക്കെതിരെ യുകെ ഒളിയുദ്ധം നടത്തുകയാണെന്ന് ലണ്ടനിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിൻ ആരോപിച്ചു. ബ്രിട്ടൻ യുക്രൈന് ആയുധങ്ങൾ നൽകുന്നതിലൂടെ റഷ്യൻ സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയാണ്. അതേസമയം യുക്രൈനിന്റെ അവസാനം അടുക്കുകയാണെന്നും കെലിൻ പറഞ്ഞു.

യുക്രൈൻ പോരാട്ടം തുടരുകയാണെങ്കിലും, അവരുടെ പ്രതിരോധ ശേഷി ദുർബലപ്പെടുകയാണെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ കെലിൻ അഭിപ്രായപ്പെട്ടു.

റഷ്യൻ സൈന്യം എല്ലാ ദിവസവും കൂടുതൽ ഭൂപ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ അവസാനം സൂചിപ്പിക്കുന്നത് യുക്രൈനിന്റെ അവസാനമാണ്. സാവധാനമാണെങ്കിലും ഒരു വർഷമായി റഷ്യ, യുക്രൈനിൽ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നു. ഏകദേശം യുക്രൈനിന്റെ 18 ശതമാനവും നിയന്ത്രിക്കുന്നത് റഷ്യ ആണെന്നും കെലിൻ അവകാശപ്പെട്ടു.

അതേസമയം, യുക്രൈനിന്റെ പ്രധാന നഗരമായ ക്രൈവി റിഹിലിൽ ശനിയാഴ്ച റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റതായി യുക്രൈൻ ഉദ്യോഗസ്ഥർ അറിയിച്ചു.

യുക്രൈൻ പ്രസിഡൻ്റ് വൊളൊഡിമിർ സെലെൻസ്കി വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളോട് തൻ്റെ അഭ്യർത്ഥന നടത്തിയതിനു ശേഷമാണ് റഷ്യ വീണ്ടും ആക്രമണം തുടർന്നത്.

വിവിധ തരത്തിലുള്ള ഇരുപതിലധികം മിസൈലുകളാണ് യുക്രൈന് നേർക്ക് റഷ്യ ഉപയോഗിച്ചത്. എണ്ണൂറോളം വരുന്ന ഏരിയൽ ബോംബുകളും, അഞ്ഞൂറിലധികം വ്യത്യസ്ത സ്‌ട്രൈക്ക് ഡ്രോണുകളും ഇതിൽ ഉൾപ്പെടുന്നു.

യുക്രൈനിന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണ്. ഇത് മനസ്സിലാക്കുകയും, ഞങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ് എന്ന് സെലെൻസ്‌കി സമൂഹ മാധ്യമമായ എക്‌സിൽ എഴുതി. അതിനിടെ, ഒറ്റരാത്രിയിൽ ഏഴ് റഷ്യൻ മേഖലകൾക്ക് നേരെ യുക്രൈൻ  നടത്തിയ ആക്രമണത്തിൽ 110 ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


#Daily
Leave a comment