ഒലെക്‌സി റെസ്‌നിക്കോവ്
യുക്രൈന്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി; റെസ്റ്റം ഉമറോവ് പുതിയ മന്ത്രി
ഒന്നര വര്‍ഷമായി റഷ്യയുമായി തുടരുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കി പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി. റസ്റ്റം ഉമറോവിനെ പുതിയ പ്രതിരോധ മന്ത്രിയായി പ്രഖ്യാപിച്ചു. പുതിയ മന്ത്രിയെ പ്രതിരോധമന്ത്രാലയത്തിന് ആവശ്യമാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച വിവരം സെലന്‍സ്‌കി പ്രഖ്യാപിച്ചത്.
2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് താളംതെറ്റിയ അവസ്ഥയിലായിരുന്നു യുക്രൈന്‍ പ്രതിരോധവിഭാഗം. ഇതോടെയാണ് ഒലെക്‌സി റെസ്‌നിക്കോവിനെ പുറത്താക്കാന്‍ ധാരണയായത്. 2021 നവംബറില്‍ യുക്രൈന്‍ പ്രതിരോധ മന്ത്രിയായ ഒലെക്‌സി റെസ്‌നിക്കോവ് രാജ്യത്തെ യുദ്ധസന്നാഹങ്ങളുടെ ഉന്നമനത്തിനായി കോടിക്കണക്കിന് ഡോളറിന്റെ പാശ്ചാത്യസഹായമാണ് നേടിയെടുത്തത്. ക്രിമിയന്‍ ടാറ്ററായ മുന്‍ നിയമനിര്‍മാതാവ് റസ്റ്റം ഉമറോവ് 2022 സെപ്തംബര്‍ മുതല്‍ യുക്രൈന്റെ സ്‌റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവനാണ്.
ഒന്നരവര്‍ഷം പിന്നിട്ട യുദ്ധം
2022 ഫെബ്രുവരി 24 നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടിരിക്കുകയാണ്. യുദ്ധം യുക്രൈന് സമ്മാനിച്ചത് ഭീമമായ നഷ്ടമാണ്. 44 ദശലക്ഷം ജനസംഖ്യയുള്ള യുക്രൈനില്‍ 14 ദശലക്ഷം പേര്‍ യുദ്ധത്തിലൂടെ അഭയാര്‍ത്ഥികളായി. 1,40,000 ത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 35 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഭൗതികസംസ്‌കൃതിയില്‍ ഉണ്ടായത്. ഇതിനുപുറമെയാണ് ആള്‍നാശം.
2022 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 42,295 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 54,132 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 15,000 ത്തോളം പേരെ കാണാതായി. റഷ്യയുടെ ഭാഗത്തും ഒരുലക്ഷത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ഭക്ഷണം, പാര്‍പ്പിടം, ഊര്‍ജം എന്നിവയുടെ വില ഉയരാനും യുദ്ധം കാരണമായി. കോവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനില്‍ക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവിനും യുദ്ധം കാരണമായി.
നഷ്ടത്തിന്റെ നാളുകള്‍
നാറ്റോ അംഗത്വത്തിന്റെ പേരില്‍ തുടക്കം കുറിച്ച യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ അമേരിക്ക അടക്കമുള്ളവരുടെ പിന്തുണയോടെ യുക്രൈന്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ റഷ്യയുടെ സാമ്പത്തിക വ്യവസ്ഥയെ തന്നെയാണ് യുദ്ധം താറുമാറാക്കിയത്. അവസാന നാറ്റോ ഉച്ചകോടിയിലും അംഗത്വമെന്ന യുക്രൈന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിലും നാറ്റോ സഖ്യരാജ്യങ്ങളുടെ യുദ്ധസഹായ വാഗ്ദാനം റഷ്യയ്ക്കെതിരെ പ്രതിരോധം ശക്തമാക്കാന്‍ യുക്രൈനെ പ്രാപ്തരാക്കി.
ഇതിനിടെ യുദ്ധം റഷ്യയിലേക്കെത്തുകയാണെന്ന വ്ളാദിമിര്‍ സെലന്‍സ്‌കിയുടെ മുന്നറിയിപ്പും ഉണ്ടായി. യുദ്ധം സാവധാനം റഷ്യന്‍ മണ്ണിലേക്കു തിരിച്ചെത്തുകയാണെന്നും റഷ്യന്‍ പ്രതീകങ്ങളായ കേന്ദ്രങ്ങളിലേക്കും സേനാതാവളങ്ങളിലേക്കും എത്തുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ പ്രദേശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനിവാര്യമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞത്.