
യുക്രെയ്ന്‍ സമാധാനത്തിനായി ഭൂമി ഉപേക്ഷിക്കണം: കീവ് മേയര്‍
യുക്രെയ്‌നില്‍നിന്നും റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉപേക്ഷിക്കണമെന്ന യുഎസിന്റേയും റഷ്യയുടേയും നിലപാടിനെ അനുകൂലിച്ച് കീവ് നഗരത്തിന്റെ മേയര്‍ വിറ്റാലി ക്ലിഷ്‌കോ. യുക്രെയ്‌നിന്റെ തലസ്ഥാനമാണ് കീവ്.
ഭൂപ്രദേശം വിട്ടുകൊടുക്കുന്നത് അന്യായമാണെങ്കിലും സമാധാനത്തിനായി അതാകാമൊരു പരിഹാരമാര്‍ഗമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് താല്‍ക്കാലിക സമാധാനമാണെന്നും താല്‍ക്കാലിക പരിഹാരമാര്‍ഗം ആണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുക്രെയ്ന്‍ ജനത റഷ്യന്‍ അധിനിവേശം ഒരിക്കലും അംഗീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യ കീവില്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെടുകയും 80ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ റഷ്യന്‍ ആക്രമണങ്ങളില്‍ ഒന്നാണിത്.
2022ല്‍ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ച റഷ്യ ഇപ്പോള്‍ യുക്രെയ്‌നിന്റെ ഭൂപ്രദേശത്തിന്റെ 20ശതമാനത്തോളം ഭൂമി കൈവശം വയ്ക്കുന്നു.
താല്‍ക്കാലികമായിട്ടാണെങ്കിലും ഭൂമി കൈവിടേണ്ടി വരുമെന്ന് പൊതുജന മധ്യത്തില്‍ സൂചിപ്പിച്ച ആദ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കീവ് മേയറും സെലന്‍സ്‌കിയും രാഷ്ട്രീയ എതിരാളികളാണ്.


