TMJ
searchnav-menu
post-thumbnail

TMJ Daily

യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പും സമാധാനക്കരാറും വേണം: യുഎസ്

02 Feb 2025   |   1 min Read
TMJ News Desk

വര്‍ഷം അവസാനത്താടെ യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിന് മുമ്പ് വരുംമാസങ്ങളില്‍ റഷ്യയുമായി കീവ് സമാധാനകരാറില്‍ എത്തണമെന്നും യുഎസ് ആഗ്രഹിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുക്രെയ്‌നിലേയും റഷ്യയിലേയും പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് പറഞ്ഞു.

റഷ്യയുമായുള്ള യുദ്ധം കാരണം യുക്രെയ്ന്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിരിക്കുകയാണ്. അത് നടത്തണമെന്ന് കീത്ത് പറഞ്ഞു.

മിക്ക ജനാധിപത്യ രാജ്യങ്ങളിലും യുദ്ധ സമയത്ത് തിരഞ്ഞെടുപ്പ് നടത്താറുണ്ടെന്നും അത് വളരെ പ്രധാനമാണെന്നും കീത്ത് പറഞ്ഞു. ജനാധിപത്യത്തിന് നല്ലതാണ് ഇതെന്നും കീത്ത് പറഞ്ഞു.

2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ, യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ ആദ്യ നാളുകളില്‍ നടത്തുമെന്ന് ട്രംപും കീത്തും നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം. ട്രംപിന്റെ നയവും അന്തിമ പദ്ധതിയും പുറത്തുവന്നിട്ടില്ല. പക്ഷേ, കീത്തും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരും റഷ്യയുമായി സമാധാന ഉടമ്പടിയില്‍ എത്താനും തിരഞ്ഞെടുപ്പ് നടത്താനും യുക്രെയ്‌നുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഒരു സ്ഥിരമായ കരാറിന് മുമ്പൊരു വെടിനിര്‍ത്തല്‍ വേണമോയെന്ന കാര്യവും ട്രംപ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മോസ്‌കോയുമായി ദീര്‍ഘകാല ഉടമ്പടി ഒപ്പിടുന്നതിനായി ചര്‍ച്ച നടത്താനുള്ള ഉത്തരവാദിത്തം തിരഞ്ഞെടുപ്പ്  വിജയിക്കുണ്ടാകുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.


#Daily
Leave a comment