
യുക്രെയ്ന്‍ ഡോളറില്‍നിന്നും യൂറോയിലേക്ക് മാറുന്നു
യുഎസില്‍നിന്നും അകലുകയും യൂറോപ്പിനോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്ന യുക്രെയ്ന്‍ ഇടപാടുകള്‍ ഡോളറില്‍നിന്നും യൂറോയിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നു.
യുക്രെയ്‌നിന്റെ കറന്‍സിയായ ഹ്രൈവ്‌നിയ 1996ലാണ് അവതരിപ്പിച്ചത്. അതുമുതല്‍ ഡോളറിനെയാണ് റഫറന്‍സ് കറന്‍സിയായി ഉപയോഗിക്കുന്നത്. യൂറോയിലേക്ക് മാറുന്നത് യുക്രെയ്‌നിന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനും സഹായിക്കും.
യുക്രെയ്‌നിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇയുവിന്റെ പങ്ക്, ആഗോള വിപണികളിലെ അനിശ്ചിതത്വം, ആഗോള-വ്യാപാരം, വിഭജിക്കപ്പെടുന്നത് തുടങ്ങിയ കാരണങ്ങള്‍ ഡോളറിന് പകരം യൂറോയെ റഫറന്‍സ് കറന്‍സിയായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രി പൈഷ്‌നി പറഞ്ഞു.
ആഗോള വ്യാപാരത്തില്‍ ഡോളറിനാണ് സ്വാധീനം കൂടുതല്‍. കൂടാതെ, ആഗോള കരുതല്‍ശേഖരത്തില്‍ ഭൂരിപക്ഷവും ഡോളറിലാണ്. പ്രമുഖ സമ്പദ് വ്യവസ്ഥകളായ സൗദി അറേബ്യയും ഹോങ്കോങ്ങും തങ്ങളുടെ കറന്‍സികളുടെ വിനിമയ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ഡോളറിലാണ്.
എന്നാല്‍ യുക്രെയ്‌നിന്റെ നീക്കം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രോഷാകുലനാക്കും. ഇന്ത്യയടങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മ ഡോളറിന് പകരമുള്ള കറന്‍സി വികസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപ് തീരുവ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചിരുന്നു.
അതേസമയം, ട്രംപ് ആരംഭിച്ച ആഗോള വ്യാപാര യുദ്ധം ആഗോള കരുതല്‍ നാണയം എന്ന ഡോളറിന്റെ ഭാവിയെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയ്ക്ക കാരണമായിട്ടുണ്ട്.