
യുഎസ് പിന്തുണയില്ലാതെ യുക്രെയ്‌ന്റെ അതിജീവന സാധ്യത കുറവ്: സെലന്‍സ്‌കി
യുഎസിന്റെ പിന്തുണയില്ലാതെ റഷ്യന്‍ ആക്രമണത്തെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി. എന്‍ബിസി ന്യൂസ് പ്രോഗ്രാമായ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ബിസി പുറത്തുവിട്ട ഈ അഭിമുഖത്തിന്റെ പ്രസക്ത ഭാഗത്തിലാണ് സെലന്‍സ്‌കിയുടെ പ്രസ്താവനയുള്ളത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച്ച സംപ്രേഷണം ചെയ്യും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധത്തെക്കുറിച്ച് സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായും വെവ്വേറ ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. എത്രയും വേഗം റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടിലാണ് ട്രംപുള്ളത്.
നാറ്റോയില്‍ യുക്രെയ്ന്‍ അംഗമാകുന്നത് പ്രായോഗികമാകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്‌ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയില്‍ അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് റഷ്യ യുക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചത്. ട്രംപിന്റെ ഈ നിലപാട് നാറ്റോയില്‍ അംഗത്വം മോഹിക്കുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും തിരിച്ചടിയാണ്.
റഷ്യ പിടിച്ചെടുത്ത എല്ലാ ഭൂഭാഗങ്ങളും യുക്രെയ്‌ന് തിരിച്ചുകിട്ടുകയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. 2014ല്‍ യുക്രെയ്‌നിന്റെ ക്രീമിയ റഷ്യ പിടിച്ചെടുത്തിരുന്നു. 2022 ഫെബ്രുവരിയില്‍ യുക്രെയ്‌നില്‍ റഷ്യ ആക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു.
പിടിച്ചെടുത്ത ഭാഗങ്ങളില്‍ നിന്നും റഷ്യ പിന്‍മാറണം, നാറ്റോ അംഗത്വം ലഭിക്കണം അല്ലെങ്കില്‍ റഷ്യ ഇനിയും ആക്രമിച്ചാല്‍ നാറ്റോ അംഗങ്ങള്‍ക്ക് ലഭിക്കുന്ന തുല്യ സുരക്ഷാ പരിരക്ഷ ലഭിക്കണം എന്നതാണ് സെലന്‍സ്‌കിയുടെ ആവശ്യങ്ങള്‍.
യുദ്ധം അവസാനിപ്പിക്കുന്നതിനല്ല പുടിന്‍ ചര്‍ച്ചാ മേശയിലേക്ക് വരുന്നതെന്നും ഏതാനും ആഗോള ഉപരോധങ്ങള്‍ നീക്കുന്നതിനായുള്ള വെടിനിര്‍ത്തല്‍ നടപ്പിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി അഭിമുഖത്തില്‍ പറഞ്ഞു. അതിലൂടെ റഷ്യ സൈനികമായി പുനക്രമീകരിക്കുകയും ചെയ്യുമെന്ന് സെലന്‍സ്‌കി പറഞ്ഞു.
വെടിനിര്‍ത്തലിലൂടെ യുദ്ധത്തിനൊരു ഇടവേള, തയ്യാറെടുപ്പ്, പരിശീലനം, ഏതാനും ഉപരോധങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവയാണ് പുടിന് ആവശ്യമെന്ന് സെലന്‍സ്‌കി പറഞ്ഞു.