TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PIXABAY

TMJ Daily

യുക്രൈന്‍ യുദ്ധം: ഭക്ഷ്യവില വര്‍ധനവില്‍ പ്രതിസന്ധിയിലായി രാജ്യങ്ങള്‍

24 Jul 2023   |   2 min Read
TMJ News Desk

യുക്രൈൻ തുറമുഖങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളെ സൈനിക ലക്ഷ്യമായി കണക്കാകുമെന്ന് റഷ്യ. ഇതിനെ തുടർന്ന് ആഗോളവിപണിയിൽ ഗോതമ്പു വില കുത്തനെ ഉയർന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ അധിനിവേശ മനോഭാവം മൂലം യൂറോപ്യൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഗോതമ്പ് വില കഴിഞ്ഞ ദിവസത്തെക്കാൾ 8.2 ശതമാനം ഉയർന്ന് ടണ്ണിന് 284 ഡോളർ (ഏകദേശം 23,000) എന്ന നിലയിൽ എത്തിയിരിക്കുകയാണ്. യഥാക്രമം ചോളത്തിന്റെ വിലയിലും 5.4ശതമാനത്തിന്റെ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളവിപണിയിലുള്ള വിലകയറ്റം പെട്ടെന്ന് തന്നെ കടകളെ നേരിട്ട് ബാധിക്കാൻ സാധ്യതയില്ല. പക്ഷേ വിതരണത്തിലുള്ള പ്രതിസന്ധി ദീർഘകാലയളവിലേക്ക് കടക്കുകയാണെങ്കിൽ, ലോകമെമ്പാടും ഇതിന്റെ പ്രത്യാക്രമണം നേരിടേണ്ടി വരും. റഷ്യൻ അധിനിവേശം, ധാന്യം അടിസ്ഥാനമാക്കിയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ മാത്രമല്ല, ഇറച്ചി, കോഴി ഇതിനോടനുബന്ധ ഭക്ഷണസാധനങ്ങളുടെ വിലകയറ്റത്തിനും കാരണമായിട്ടുണ്ട്.

കരിങ്കടൽ വഴിയുള്ള ധാന്യകയറ്റുമതിക്ക് സുരക്ഷിത പാത ഉറപ്പാക്കുന്ന യുഎൻ കരാറിൽ നിന്നും റഷ്യ ഇതിനോടകം പിന്മാറിയിരുന്നു. വ്യാഴാഴ്ച മുതൽ തുറമുഖനഗരങ്ങളിലേക്ക് പോകുന്ന എല്ലാ കപ്പലുകളെയും യുക്രൈൻ ഭരണകൂടത്തിനൊപ്പം നിൽക്കുന്നതായി കാണുമെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന് ബദലായി കരിങ്കടലിലൂടെ റഷ്യയിലേക്കോ റഷ്യൻ അധിനിവേശ തുറമുഖങ്ങളിലേക്കോ പോകുന്ന കപ്പലുകളെ സൈനിക ചരക്ക് വാഹകരായി കണക്കാകുമെന്ന് യുക്രൈനും വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ അന്താരാഷ്ട്ര ധാന്യകരാറിലേക്ക് ഉടൻ മടങ്ങുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ, യുക്രൈനിലെ ഒഡേസയിലെയും മറ്റു തുറമുഖനഗരങ്ങളിലെയും ധാന്യസംഭരണകേന്ദ്രങ്ങളിലേക്ക് ബോംബ് ആക്രമണങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

പ്രതിസന്ധിയിലായി രാജ്യങ്ങൾ

വിതരണത്തിൽ യുക്രൈനെ ആശ്രയിക്കുന്ന രാജ്യങ്ങളായ ലെബനൻ, പാകിസ്ഥാൻ, ലിബിയ, എത്യോപ്യ എന്നീ രാജ്യങ്ങളെ ഈ പ്രതിസന്ധി കാര്യമായി ബാധിക്കും. യുദ്ധത്തിന് മുമ്പ് ലെബനന് രാജ്യത്തിന്റെ മുക്കാൽ ഭാഗം ധാന്യവും ലഭിച്ചിരുന്നത് യുക്രൈനിൽ നിന്നായിരുന്നു. യുഎന്നിന്റെ ലോകഭക്ഷ്യ പദ്ധതിയുടെ (ഡബ്യൂ.എഫ്.പി) ഭാഗമായി, കരിങ്കടൽ വഴി കടുത്ത പട്ടിണി നേരിടുന്ന രാജ്യങ്ങളായ എത്യോപ്യ, യെമൻ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് ഏകദേശം ഏഴ് ലക്ഷം ടണ്ണിന് മുകളിലേക്കുള്ള ഗോതമ്പ് കയറ്റുമതി ചെയ്തിരുന്നു.

റെയിൽ മാർഗ്ഗം ധാന്യം കയറ്റുമതി ചെയ്യുന്നതിനുള്ള യുക്രൈൻ സംവിധാനങ്ങളും പരിമിതമാണ്. യുക്രൈനിലെ റെയിൽ സംവിധാനത്തെ അപേക്ഷിച്ചിടത്തോളം കടൽ മാർഗ്ഗമുള്ള ശ്രേണി വളരെ വലുതാണ്. കൂടാതെ കിഴക്കൻ യൂറോപ്പിലെ നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സ്വന്തം കർഷകരെ സംരക്ഷിക്കുന്നതിന് യുക്രൈൻ ധാന്യങ്ങൾ തടയുന്ന സാഹചര്യവും നിലനിൽക്കുന്നു.

വിലകയറ്റം അമേരിക്കയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ യുക്രൈനു മേലുള്ള റഷ്യൻ അധിനിവേശത്തിന് ശേഷമുള്ളതിനെക്കാൾ 8.5ശതമാനം ഉയർന്നാണ് അമേരിക്കയിൽ ഗോതമ്പ് വില.

ഇത്തരം നീക്കങ്ങൾ ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷയ്ക്കും വിലവർധനവിനും കാരണമാകുകയും വികസിത രാജ്യങ്ങളിൽ പണപ്പെരുപ്പത്തിനും വികസ്വര രാജ്യങ്ങളിൽ പട്ടിണിയ്ക്കും കുടിയേറ്റ വർധനവിനും സാമൂഹിക അസ്ഥിരതയ്ക്കും കാരണമാകുമെന്നുമുള്ള ആശങ്കകൾ വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.

കരാറിൽ നിന്ന് പിന്മാറിയ റഷ്യ

റഷ്യയിൽ നിന്ന് ക്രിമിയയിലേക്കുള്ള പാലം യുക്രൈൻ ഡ്രോൺ ആക്രമണത്തിലൂടെ തകർത്തുവെന്നാരോപിച്ചാണ് റഷ്യ ധാന്യകയറ്റുമതി ഉടമ്പടിയിൽ നിന്ന് പിന്മാറിയത്. വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കരാറിലേക്ക് മടങ്ങുകയുള്ളൂവെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. കരാർ പ്രകാരം ആഭ്യന്തര സംഘർഷത്തിൽ സ്തംഭിച്ച യുക്രൈൻ ധാന്യകയറ്റുമതി സാധ്യമാക്കി ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കുകയായിരുന്നു ലക്ഷ്യം.

റഷ്യ-യുക്രൈൻ ആഭ്യന്തര യുദ്ധത്തിനു ശേഷം യുക്രൈനിൽ നിന്ന് ധാന്യക്കയറ്റുമതി പുനഃരാരംഭിക്കാൻ ഐക്യരാഷ്ട്ര സംഘടനയുമായും തുർക്കിയുമായുള്ള ഇടപെടലിനെ തുടർന്ന് 2022 ജൂലൈയിലാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മുതൽ യുക്രൈനിൽ നിന്ന് ധാന്യകയറ്റുമതി പുനഃരാരംഭിക്കാൻ റഷ്യ അനുവദിച്ചിരുന്നു. കരാറുമായി സഹകരിക്കാൻ റഷ്യ നിശ്ചയിച്ചിരുന്ന കാലയളവ് തീരാൻ ഒരു ദിവസം മാത്രം ശേഷിക്കെയാണ് റഷ്യയുടെ പിന്മാറ്റം. കഴിഞ്ഞ ഒരു വർഷത്തിനിടെ റഷ്യ മൂന്നു തവണ കരാർ നീട്ടാൻ സമ്മതിച്ചിരുന്നു. 

കരാറിൽ നിന്ന് റഷ്യ പിന്മാറിയതോടെ യുക്രൈൻ തുറമുഖങ്ങളിൽ നിന്നു ധാന്യങ്ങളുമായുള്ള കപ്പൽ കരിങ്കടൽ കടക്കുന്നതിന് റഷ്യ സുരക്ഷ ഒരുക്കുകയില്ല. ആഭ്യന്തര യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും ആളിക്കത്തിയ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാൻ കരാർ സഹായകമായിരുന്നു. ഏകദേശം 32.9 ദശലക്ഷം മെട്രിക് ടൺ ധാന്യം യുക്രൈനിൽ നിന്ന് കയറ്റുമതി ചെയ്തു.

ചോളം, ഗോതമ്പ്, സോയബീൻ തുടങ്ങിയവയാണ് യുക്രൈനിലെ വിളകൾ. യുക്രൈനിൽ നിന്നുള്ള ധാന്യം ലോകമെമ്പാടുമുള്ള 400 ദശലക്ഷം ആളുകളുടെ വിശപ്പടക്കുന്നതായാണ് യുഎന്നിനു കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോർട്ട്. ആഫ്രിക്ക, മധ്യപൂർവേഷ്യ, മറ്റു വികസ്വര രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ധാന്യങ്ങൾ കയറ്റി അയയ്ക്കുന്നത്.


#Daily
Leave a comment