
യുക്രെയ്ന്‍ യുദ്ധം: റഷ്യ- യുഎസ് ചര്‍ച്ച സൗദിയില്‍ ആരംഭിച്ചു
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനും സമാധാന കരാറില്‍ ഏര്‍പ്പെടാനുള്ള സാധ്യതകള്‍ ആരാഞ്ഞു കൊണ്ട് റഷ്യയുമായി യുഎസ് നടത്തുന്ന ചര്‍ച്ച സൗദി അറേബ്യയില്‍ ആരംഭിച്ചു. സൗദിയില്‍ വച്ച് ഇന്നാദ്യം യുക്രെയ്‌നും യുഎസും തമ്മില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് റഷ്യയുമായുള്ള ചര്‍ച്ച ആരംഭിച്ചത്.
ചര്‍ച്ച ഫലപ്രദവും ഫോക്കസ് ചെയ്തുള്ളതുമായിരുന്നുവെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രി റുസ്തം ഉമറോവ് പറഞ്ഞു. സാങ്കേതികമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ്ജ സൗകര്യങ്ങളും മറ്റ് പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനെക്കുറിച്ചും കരിങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെക്കുറിച്ചും ചര്‍ച്ച നടന്നു. റഷ്യയുടെ മേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കിയാല്‍ ഈ പാതയിലൂടെ എണ്ണഗതാഗതം നടത്താന്‍ യുക്രെയ്‌നെ അനുവദിക്കുന്ന കരാറിലേര്‍പ്പെടാന്‍ റഷ്യയ്ക്ക് താല്‍പര്യമുണ്ട്.
അതേസമയം ഇന്നലെ രാത്രിയില്‍ റഷ്യയും യുക്രെയ്‌നും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം തുടര്‍ന്നു. റഷ്യ 99 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ പറഞ്ഞു. ഇതില്‍ 57 എണ്ണം യുക്രെയ്ന്‍ വെടിവച്ചു വീഴ്ത്തി. ഒരു അഞ്ചുവയസ്സുള്ള കുഞ്ഞടക്കം മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യുക്രെയ്‌നിന്റെ 28 ഡ്രോണുകള്‍ വെടിവച്ചുവീഴ്ത്തിയെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.
കൂടാതെ, യുക്രെയ്‌നിന്റെ ട്രെയിന്‍ ഗതാഗതത്തിനു നേരെ സൈബര്‍ ആക്രമണം റഷ്യ നടത്തുകയും ചെയ്തു.


