
യുക്രെയ്ന്‍ യുദ്ധം: ട്രംപ് പുടിനുമായി ചൊവ്വാഴ്ച്ച ചര്‍ച്ച നടത്തും
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ ചര്‍ച്ച നടത്തുന്നു. ചര്‍ച്ച നാളെ നടക്കും. മോസ്‌കോയില്‍ നടന്ന യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
ചൊവ്വാഴ്ച്ച പുടിനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമോയെന്ന് നോക്കാമെന്നും ചിലപ്പോള്‍ കഴിഞ്ഞേക്കാം ചിലപ്പോള്‍ സാധിച്ചേക്കില്ലെന്നും എന്നാല്‍ അതിന് നല്ലൊരു അവസരം നമുക്കുണ്ടെന്നും ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി ധാരാളം കാര്യങ്ങള്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വഴി പുടിന്‍ തന്റെ വെടിനിര്‍ത്തല്‍ പദ്ധതി സംബന്ധിച്ച സന്ദേശം ട്രംപിന് അയച്ചിരുന്നു.
റഷ്യ യുക്രെയ്‌നില്‍ നിന്നും പൂര്‍ണമായും പിന്‍മാറില്ലെന്ന സൂചനയാണ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് നല്‍കുന്നത്. ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയ്‌നും റഷ്യയും ധാരാളം വിട്ടുവീഴ്ച്ചകള്‍ നടത്തേണ്ടിവരുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.