
യുക്രെയ്ന്‍ യുദ്ധം: റഷ്യയ്‌ക്കെതിരെ ഉപരോധത്തിന് യുഎസ്
യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലിനും സമാധാനകരാറിനും വഴങ്ങാത്ത റഷ്യയുടെ മേല്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് ഒരുങ്ങുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ വേണ്ടി റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ലക്ഷ്യം. ബാങ്കിങ്, ഊര്‍ജ്ജ രംഗങ്ങളുടെ മേലാണ് ഉപരോധം ഏര്‍പ്പെടുത്തുന്നത്.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്യാസ്‌പ്രോം അടക്കമുള്ള പ്രകൃതി വിഭവ, ബാങ്കിങ് മേഖലകളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഉപരോധ പരിധിയില്‍ വരും.
റഷ്യയോടും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും അനുകൂല നയം സ്വീകരിക്കുന്ന ട്രംപ് ഉപരോധ ഉത്തരവില്‍ ഒപ്പുവയ്ക്കുമോയെന്ന് വ്യക്തമല്ല.
റഷ്യയ്‌ക്കെതിരെ ചില ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ശ്രമിക്കുന്നുവെന്ന് വാര്‍ത്താ സ്രോതസ്സുകള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. അത് ട്രംപ് ഒപ്പിടേണ്ടതുണ്ട്. അക്കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍, നിലവില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയില്ല. യുഎസും യുക്രെയ്‌നും കഴിഞ്ഞ ദിവസം പ്രകൃതി വിഭവങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിച്ച കരാറിലെത്തിയിരുന്നു. ഇതേതുടര്‍ന്ന് റഷ്യയോടുള്ള നിലപാട് ട്രംപ് കഠിനമാക്കുന്നുവെങ്കില്‍ അദ്ദേഹം ഉപരോധ ഉത്തരവില്‍ ഒപ്പുവയ്ക്കും.


