
യുക്രെയ്ന്‍ പങ്കാളിയല്ലാത്ത സമാധാന കരാര്‍ അംഗീകരിക്കില്ല: സെലന്‍സ്‌കി
യുക്രെയ്‌നെ ഉള്‍പ്പെടുത്താതെ യുഎസും റഷ്യയും നിര്‍ദ്ദേശിക്കുന്ന ഏതൊരു സമാധാന കരാറും തങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തീരുമാനിച്ചതിന് പിന്നാലെയാണ് യുക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം.
ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്കത് അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് പുടിനുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് ട്രംപ് പറഞ്ഞിരുന്നു. നാറ്റോയില്‍ അംഗമാകുന്നത് യുക്രെയ്‌നെ സംബന്ധിച്ച് പ്രായോഗികം ആകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. റഷ്യ- യുക്രെയ്ന്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് തിരികെ പോകുന്നതിനും സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ വെള്ളിയാഴ്ച്ച ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഈ യോഗത്തിലേക്ക് യുക്രെയ്‌നേയും ക്ഷണിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. റഷ്യയുടേയും യുക്രെയ്‌നിന്റേയും യുഎസിന്റേയും ഉന്നതതലസംഘമാണ് മ്യൂണിക്കില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.
സെലന്‍സ്‌കി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും മ്യൂണിക്കില്‍ വച്ച് വെള്ളിയാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും.