TMJ
searchnav-menu
post-thumbnail

TMJ Daily

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

19 Dec 2024   |   1 min Read
TMJ News Desk

മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവും ഗവേഷകനുമായ ഉമര്‍ ഖാലിദിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. 2020ലെ വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ ഗൂഢാലോചന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. ഖാലിദിന് കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി കര്‍ക്കര്‍ഡൂമ കോടതികളിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബാജ്‌പേയി ആണ് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഡിസംബര്‍ 28ന് ഖാലിദ് ജാമ്യത്തില്‍ ഇറങ്ങും.

കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥകളില്‍ പറയുന്നു. കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി മാത്രമേ കൂടിക്കാഴ്ച്ച നടത്താന്‍ സാധിക്കുകയുള്ളൂ. വീട്ടില്‍ അല്ലെങ്കില്‍ വിവാഹചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ പോകാന്‍ പാടുള്ളൂവെന്നും വ്യവസ്ഥകളില്‍ പറയുന്നു. 2025 ജനുവരി 3ന് വൈകുന്നേരം ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടിന് മുന്നില്‍ സ്വയം കീഴടങ്ങണം.

2022 ഒക്ടോബറില്‍ ഡല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും എസ്എല്‍പി പിന്‍വലിച്ചു. ഈ വര്‍ഷമാദ്യം വിചാരണക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതും നിരസിച്ചു. രണ്ടാമത്തെ ജാമ്യാപേക്ഷ നിരസിച്ചതിന് എതിരായുള്ള ഖാലിദിന്റെ അപ്പീല്‍ നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.




#Daily
Leave a comment