
അന്റോണിയോ ഗുട്ടെറസ് | PHOTO: PTI
വിശേഷാധികാരം ഉപയോഗിച്ച് യുഎന്‍ മേധാവിയുടെ ഇടപെടല്‍; ദുരിതം തടയാന്‍ രക്ഷാസമിതി ഇടപെടണം
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. യുഎന്‍ ചാര്‍ട്ടറിലെ 99-ാം വകുപ്പ് പ്രകാരം വിശേഷാധികാരം ഉപയോഗിച്ചാണ് ഇടപെടല്‍. രാജ്യാന്തര സമാധാനവും സുരക്ഷയും അപകടത്തിലാവുന്ന അവസരത്തില്‍ രക്ഷാസമിതിയുടെ ശ്രദ്ധക്ഷണിക്കാന്‍ യുഎന്‍ ചാര്‍ട്ടറിലെ 99-ാം വകുപ്പ് യുഎന്‍ മേധാവിക്ക് ഉപയോഗിക്കാം. 2017 ല്‍ സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് ഗുട്ടെറസ് ഈ വകുപ്പ് പ്രയോഗിക്കുന്നത്.
സര്‍വനാശമെന്ന് യുഎന്‍
രണ്ടുമാസം പിന്നിട്ട യുദ്ധം ഭീതിപ്പെടുത്തുന്ന ദുരിതവും നാശനഷ്ടവുമാണ് ഉണ്ടാക്കുന്നത്. അതു തടയാന്‍ വെടിനിര്‍ത്തലിന് രക്ഷാസമിതി ഇടപെടണം എന്നാണ് ഗുട്ടെറസിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഗുട്ടെറസിന്റെ ഇടപെടലിനെതിരെ ഇസ്രയേല്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലോകസമാധാനം ആഗ്രഹിക്കുന്നവര്‍ ഗാസയെ ഹമാസില്‍ നിന്നും മോചിപ്പിക്കുന്നതിനെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോയെന്‍ പറഞ്ഞു. എന്നാല്‍ ഗാസയില്‍ സംഭവിക്കുന്നത് സര്‍വനാശമാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം പ്രസ്താവിച്ചു.
മരണം പതിനേഴായിരം കടന്നു
നിലവില്‍ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഇന്നലെ റഫയില്‍ ഉണ്ടായ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗാസയിലെ മഗാസിയില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 17 പേരാണ്. റഫ മാത്രമാണ് സുരക്ഷിതം എന്നറിയിച്ച് ഒഴിഞ്ഞുപോകാന്‍ സൈന്യം ജനങ്ങള്‍ക്ക് ലഘുലേഖ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ റഫയിലും ആക്രമണം ഉണ്ടായി. സെന്‍ട്രല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലും ജബലിയയിലും വെടിവെപ്പ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 17,177 പേരാണ് കൊല്ലപ്പെട്ടത്.