
PHOTO: WIKI COMMONS
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യുഎന്‍ രക്ഷാസമിതി; വിട്ടുനിന്ന് യു.എസ്
ഇസ്രയേല്‍ ആക്രമണം രൂക്ഷമായി തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) രക്ഷാസമിതി. ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പതിനഞ്ച് അംഗരാജ്യങ്ങളില്‍ പതിനാലും പ്രമേയത്തെ അനുകൂലിച്ചു. വോട്ടെടുപ്പില്‍ നിന്നും അമേരിക്ക വിട്ടുനിന്നു.
അല്‍ജീരിയയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. പലസ്തീനികള്‍ വളരെയേറെ അനുഭവിച്ചെന്നും ഈ രക്തച്ചൊരിച്ചില്‍ ഏറെ നീണ്ടുപോയിരിക്കുന്നു, ഇനിയും വൈകും മുമ്പ് ഇത് അവസാനിപ്പിക്കുക എന്നത് നമ്മുടെ കടമയാണെന്നും വോട്ടെടുപ്പിനുശേഷം അല്‍ജീരിയയുടെ യു.എന്‍. സ്ഥാനപതി അമര്‍ ബെന്ദ്യാമ പറഞ്ഞു. വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയങ്ങളെ അമേരിക്ക നേരത്തെ എതിര്‍ക്കുകയും തെറ്റായ തീരുമാനമായിരിക്കുമെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം യുഎസ് നേതൃത്വത്തിലുള്ള പ്രമേയം ചൈനയും റഷ്യയും നിരസിച്ചതോടെ യുഎന്‍ രക്ഷാസമിതി തള്ളിയിരുന്നു.
വെടിനിര്‍ത്തല്‍ ഉടന്‍ തന്നെ നടപ്പാക്കണമെന്നും അടിയന്തരമായി ബന്ദികളെ മോചിപ്പിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയൊ ഗുട്ടറസ് ആവശ്യപ്പെട്ടു. ഗാസ ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ മുപ്പത്തിരണ്ടായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
ഗാസയിലെ മൂന്ന് ആശുപത്രികള്‍ ഉപരോധിച്ച് ഇസ്രയേല്‍ സൈന്യം
തെക്കന്‍ ഗാസയിലെ അല്‍-അമാല്‍, നാസെര്‍ ആശുപത്രികള്‍ കഴിഞ്ഞദിവസം ഇസ്രയേല്‍ സൈന്യം വളഞ്ഞിരുന്നു. വടക്കന്‍ ഗാസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഒരാഴ്ചയായി ഇസ്രയേല്‍ സൈന്യം റെയ്ഡ് തുടരുന്ന സാഹചര്യത്തിലാണ് രണ്ട് ആശുപത്രികള്‍ക്കൂടി സൈന്യം ഉപരോധിച്ചിരിക്കുന്നത്. അല്‍ ഷിഫ ആശുപത്രിയില്‍ നാല് മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേല്‍ സൈന്യം ടാങ്കുകളും ബുള്‍ഡോസറുകളും ഓടിക്കുന്നത് കണ്ടതായി ആശുപത്രിയില്‍ അഭയംപ്രാപിച്ച ആയിരക്കണക്കിന് പലസ്തീനികളില്‍ ഒരാളായ ജമീല്‍ അല്‍-അയൂബി പറഞ്ഞു. ആംബുലന്‍സുകളും തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ദേര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം എഴുപത് ശതമാനം ആളുകളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കന്‍ ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ സംഘങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. ഗാസയിലെ വെടിനിര്‍ത്തലിനായുള്ള തങ്ങളുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ നിരസിച്ചെന്ന് ഹമാസ് പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.