TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസയില്‍ സാധാരണക്കാര്‍ പട്ടിണിയിലാകുമെന്ന് യുഎന്‍

17 Nov 2023   |   1 min Read
TMJ News Desk

യുദ്ധം 41-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലേക്കെന്ന് യുഎന്‍. വെള്ളവും ഭക്ഷണവുമില്ലാതെ ജനങ്ങള്‍ പട്ടിണിയിലാവുമെന്ന മുന്നറിയിപ്പാണ് യുഎന്‍ ഫുഡ് പ്രോഗ്രാം തലവന്‍ നല്‍കിയത്. ഇന്ധനക്ഷാമം കാരണം ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഗാസയില്‍ വിതരണം ചെയ്യുന്നതില്‍ തടസ്സം ഉണ്ടെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. യുദ്ധനിയമങ്ങളുടെ ലംഘനത്തിന് രാജ്യാന്തര തലത്തില്‍ അന്വേഷണം വേണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മരണത്തോട് മല്ലിട്ട് മനുഷ്യര്‍

യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11,470 മനുഷ്യരാണ്. നൂറുകണക്കിനാളുകള്‍ ചികിത്സ ലഭിക്കാതെ മരണ ഭീഷണിയിലാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തുന്ന റെയ്ഡ് തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ആശുപത്രിയായ ഇബ്‌നു സിനയില്‍ സൈന്യം കടന്നുകയറി എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം താല്‍ക്കാലികമായി നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ പ്രമേയം ഇസ്രയേല്‍ അംഗീകരിച്ചില്ല. ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. 50 ബന്ദികളെ വിട്ടയയ്ക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ഖത്തര്‍ ശ്രമിക്കുന്നത്. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയയ്ക്കുന്നതും ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗമാണ്. അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് ഖത്തറിന്റെ നീക്കം.

#Daily
Leave a comment