Representational Image: PTI
തൊഴിലില്ലായ്മ നേരിട്ട് ഇന്ത്യ; ദുരിത സൂചിക റിപ്പോർട്ടിൽ 103-ാം സ്ഥാനം
ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോർട്ടിലാണ് പുതിയ വെളിപ്പെടുത്തൽ. 157 രാജ്യങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തിയാണ് പഠനം. പട്ടികയിൽ ഇന്ത്യ 103-ാം സ്ഥാനത്താണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്‌നമായി ഉയർത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയിൽ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ ദുരിതം നേരിടുന്ന ലോക രാജ്യങ്ങളിൽ ഒന്നാമത് സിംബാബ്‌വെയാണ്. യുദ്ധസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന യുക്രൈൻ, സിറിയ, സുഡാൻ എന്നിവയേക്കാളും ദുരിത പൂർണമാണ് സിംബാബ്‌വെ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രൂക്ഷമായി തൊഴിലില്ലായ്മ
2023 തുടക്കം മുതൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചുവരികയാണ്. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 2022 ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നെങ്കിലും ഈ വർഷം ജനുവരിയിൽ 7.14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് 7.45 ശതമാനമായി ഉയർന്നു. പിന്നീട് മാർച്ചിലെ 7.8 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.11 ശതമാനമായാണ് വീണ്ടും ഉയർന്നത്. ഡിസംബറിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേ കാലയളവിൽ 8.51 ശതമാനത്തിൽ നിന്ന് 9.81 ശതമാനമായി. ഗ്രാമങ്ങളിലാകട്ടെ 7.47 ശതമാനത്തിൽ നിന്ന് 7.43 ശതമാനമായി കുറയുകയും ചെയ്തു.
ഏപ്രിലിൽ രാജ്യത്തെ തൊഴിൽ ശക്തി 2.55 കോടി വർധിച്ച് 46.76 കോടിയായി. 2.21 കോടി തൊഴിലവസരങ്ങൾ ലഭ്യമായതിനാൽ ഇവരിൽ 87 ശതമാനം പേർക്കും തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിലെ തൊഴിൽ നിരക്ക് 38.57 ശതമാനമായി ഉയർന്നു. 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. തൊഴിൽ തേടാനുള്ള ജനങ്ങളുടെ സന്നദ്ധതയിൽ വർധനവുണ്ടായാതായും സിഎംഐഇ മേധാവി മഹേഷ് വ്യാസ് അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് ഹരിയാന (26.8 ശതമാനം) യിലാണ്. രാജസ്ഥാനിൽ 26.4 ശതമാനവും ജമ്മു കശ്മീരിൽ 23.1 ശതമാനവും സിക്കിം 20.7 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ബിഹാറിൽ 17.6 ശതമാനവും ഝാർഖണ്ഡ് 17.5 ശതമാനവും പേർക്ക് തൊഴിലില്ല. ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനമുള്ള ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലുമാണ്. പുതുച്ചേരി 1.5 ശതമാനം, ഗുജറാത്ത് 1.8 ശതമാനം, കർണാടക 2.3 ശതമാനം, മേഘാലയ, ഒഡീഷ എന്നിവിടങ്ങളിൽ 2.6 ശതമാനം വീതവുമാണ് തൊഴിലില്ലായ്മ നിരക്കുള്ളത്.
ദുരിതത്തിലായി സിംബാബ്‌വെ
സിംബാബ്‌വെയിൽ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. മുൻവർഷം 243.8 ശതമാനമായാണ് രാജ്യത്തെ പണപ്പെരുപ്പം ഉയർന്നത്. കൂടാതെ രൂക്ഷമായ തൊഴിലില്ലായ്മ, ഉയർന്ന പലിശ നിരക്ക്, പിന്നോട്ടുള്ള ജിഡിപി വളർച്ച തുടങ്ങിയവയാണ് പ്രധാന വിഷയമായി പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. സിംബാബ്‌വെ ഭരിക്കുന്ന സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ പാർട്ടി- പാട്രിയോടിക് ഫ്രണ്ട് എന്ന രാഷ്ട്രീയ കക്ഷിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേയ്ക്ക് നയിച്ചതെന്നും ഹാങ്കേ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഗവൺമെന്റ് പരാജയപ്പെടുന്നുവെന്നാണ്. തട്ടിക്കൊണ്ടുപോകൽ, പീഢനം, പ്രതിപക്ഷ രാഷ്ട്രീയക്കാർക്കും മറ്റ് പ്രവർത്തകർക്കുമെതിരായുള്ള അനധികൃത അന്വേഷണങ്ങൾ എന്നിവയാൽ ജനം പൊറുതിമുട്ടുകയാണ്. സുരക്ഷാ സേവനങ്ങൾക്കെതിരായ പൊതു പരാതികൾ സ്വീകരിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി സിംബാബ്വെയുടെ ഭരണഘടന നൽകിയിട്ടുള്ള ഒരു സ്വതന്ത്ര പരാതി സംവിധാനം സ്ഥാപിക്കുന്നതിനുള്ള ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് കമ്മീഷൻ ബിൽ സർക്കാർ ഇതുവരെ പാസാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.
വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രൈൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന തുടങ്ങിയവയാണ് ദുരിതം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പതിനഞ്ചിലുള്ളത്. പട്ടികയിൽ മികച്ച സ്‌കോർ സ്വിറ്റ്‌സർലാൻഡിനാണ് കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയർലൻഡ്, ജപ്പാൻ, മലേഷ്യ, തയ്‌വാൻ, നൈജർ, തായ്‌ലാൻഡ്, ടോഗോ, മാൾട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാർ. പട്ടികയിൽ 134-ാം സ്ഥാനത്താണ് അമേരിക്ക. രാജ്യത്തെ തൊഴിലില്ലായ്മയ്‌ക്കൊപ്പം വിലക്കയറ്റവും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ അപ്ലൈഡ് എക്കണോമിക്‌സ് പ്രൊഫസറാണ് സ്റ്റീവ് ഹാങ്കേ.