REPRESENTATIONAL IMAGE: WIKI COMMONS
ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി; 13,000 പേരെ ഒഴിപ്പിച്ചു
ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് 13,000 പേരെ ഒഴിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബ് നിര്‍വീര്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡസല്‍ഡോര്‍ഫില്‍ സിറ്റി മൃഗശാലയ്ക്കു സമീപമാണ് ബോംബ് കണ്ടെത്തിയത്.
ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രിതന്നെ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പ്രദേശത്തെ 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരെയും അടിയന്തരമായി ഒഴിപ്പിച്ചു. സ്ഥലത്തേക്കുള്ള വാഹന ഗതാഗതവും പൂര്‍ണമായും നിരോധിച്ചു. എത്ര നാളേക്കാണ് നിയന്ത്രണങ്ങള്‍ എന്നതില്‍ വ്യക്തതയില്ല. ബോംബിന് ഒരു ടണ്‍ ഭാരമുണ്ടെന്നാണ് വിവരം. എത്ര സമയംകൊണ്ട് ബോംബ് നിര്‍വീര്യമാക്കാന്‍ കഴിയുമെന്നതും വ്യക്തമാക്കിയിട്ടില്ല.
പൊട്ടാത്ത ബോംബുകള്‍ നിരവധി
രണ്ടാം ലോകമഹായുദ്ധ കാലത്ത് പ്രയോഗിച്ച നിരവധി ബോംബുകള്‍ ഇപ്പോഴും ജര്‍മനിയില്‍ പൊട്ടാതെ കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ 1.4 ടണ്‍ ഭാരമുള്ള ബോംബ് ഫ്രങ്ക്ഫര്‍ടില്‍ കണ്ടെത്തിയിരുന്നു. ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി അന്ന് 65,000 പേരെയാണ് ഒഴിപ്പിച്ചത്. 2021 ല്‍ മ്യൂണിക് റെയില്‍വെ സ്റ്റേഷന് സമീപം രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.
യുഎസ്-ബ്രിട്ടീഷ് വ്യോമസേന 2.7 മില്യണ്‍ ടണ്‍ ബോംബാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ യൂറോപ്പില്‍ പ്രയോഗിച്ചത്. ഇതില്‍ പകുതിയും ജര്‍മനിയിലാണ് ഇട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകമഹായുദ്ധങ്ങളില്‍ ഉപയോഗിച്ച ആയിരക്കണക്കിന് ബോംബുകള്‍ ഇപ്പോഴും ജര്‍മനിയില്‍ മണ്ണിനടിയില്‍ കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമായിരുന്നു രണ്ടാം ലോകമഹായുദ്ധം. 1939 സെപ്തംബര്‍ ഒന്നിന് ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നതോടെയാണ് ലോകം കണ്ട ഏറ്റവും വിനാശകാരിയായ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. 1939 മുതല്‍ 1945 വരെ ആറുവര്‍ഷക്കാലം 60 ലേറെ രാജ്യങ്ങള്‍ യുദ്ധക്കളത്തില്‍ പോരാടി. 72 ദശലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. അതിലും അധികം ആളുകള്‍ അംഗഭംഗം നേരിട്ടും മറ്റും കാലം കഴിച്ചു. അണുബോംബ് വര്‍ഷിക്കപ്പെട്ട് ജപ്പാന്‍ കുരുതിക്കളമായും മാറി. അമേരിക്ക ലോകശക്തിയായും പിറവികൊണ്ടു. പല രാജ്യങ്ങളും തകര്‍ന്നടിഞ്ഞു. മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശം വിതച്ച യുദ്ധമായിരുന്നു രണ്ടാം ലോക മഹായുദ്ധം. യുദ്ധത്തിന്റെ ബാക്കിപത്രമെന്ന നിലയില്‍ ഹിരോഷിമയും നാഗസാക്കിയും ഇന്നും കണ്ണീര്‍ കടലായി അവശേഷിക്കുന്നു.