TMJ
searchnav-menu
post-thumbnail

നരേന്ദ്ര മോദി | PHOTO: WIKI COMMONS

TMJ Daily

ഏക സിവില്‍ കോഡ്: ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും

30 Jun 2023   |   3 min Read
TMJ News Desk

പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നാണ് സൂചന. അടുത്ത മാസമാണ് വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിക്ക് വിടാനും സാധ്യതയുണ്ട്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഏക സിവില്‍ കോഡില്‍ അഭിപ്രായ രൂപീകരണം നടത്തും. 

ഉത്തരാഖണ്ഡ് സമിതിയുടെ റിപ്പോര്‍ട്ടും ആധാരമാക്കും. നേരത്തെ ഏക സിവില്‍ കോഡില്‍ അഭിപ്രായമറിയിക്കാന്‍ കേന്ദ്ര നിയമകമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ജൂലൈ മൂന്നാംവാരത്തോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കമാവുമെന്നാണ് കരുതുന്നത്. നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടുന്നതിനിടെ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 

എതിര്‍ത്ത് ന്യൂനപക്ഷങ്ങള്‍; മുന്നോട്ട് പോകാന്‍ ഉറച്ച് കേന്ദ്രം


സര്‍ക്കാര്‍ നീക്കത്തിനെതിരെ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാട് കടുപ്പിച്ചു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂരിലെ സംഭവങ്ങള്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി ഏക സിവില്‍ കോഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി വര്‍ഗീയ വിദ്വേഷത്തിന് ശ്രമിക്കുകയാണെന്നും ജനം പാഠം പഠിപ്പിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. ഒരുപടികൂടി കടന്ന് ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂക്ക് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.

ഏക സിവില്‍ കോഡില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി. ഏകസിവില്‍ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. വിഷയത്തില്‍ നിയമ കമ്മീഷന് മുന്നില്‍ ശക്തമായ എതിര്‍പ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു.

ചൊവ്വാഴ്ച ഏക സിവില്‍ കോഡിനെ ശക്തമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വരെ ഏക സിവില്‍ കോഡിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.  ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ടെന്ന പ്രതികരണത്തിലൂടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും നിലപാട് അറിയിച്ചു. 

ഏകീകൃത സിവില്‍ കോഡ് നിയമം

മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് വിവാഹം, വിവാഹ മോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയ്‌ക്കെല്ലാം രാജ്യത്താകമാനം എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിയമം.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍, നിര്‍ദേശക തത്വങ്ങളില്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിര്‍വഹണത്തിലും നിയമ നിര്‍മാണത്തിലും ഭരണകൂടങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളാണ് നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിവില്‍ കോഡ് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഭരണഘടനാ രൂപീകരണ സമയത്ത് ഉണ്ടായിട്ടുണ്ട്. സിവില്‍ കോഡ് മൗലിക അവകാശമാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തില്‍ ഉള്ള ഉപസമിതിയുടെ തീരുമാനത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചു. എന്നാല്‍ സമൂഹത്തില്‍ നിലനിന്നിരുന്ന സതി, ദേവദാസി, മുത്തലാഖ്, ശൈശവ വിവാഹം എന്നീ മതപരമായ ദുരാചാരങ്ങളെ അടിച്ചമര്‍ത്തുന്നതിന് വേണ്ടി ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നിരുന്നു. ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. 2022 മെയ് മാസത്തിലാണ് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചത്. ഇതിന് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകളും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

മതാടിസ്ഥാനത്തിലെ വ്യത്യസ്ത നിയമങ്ങള്‍

ഇന്ത്യയിലെ മത നിയമങ്ങള്‍ നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. രാജ്യത്തെ വ്യത്യസ്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ പോലും വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. സമാനമായി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ നിയമങ്ങള്‍ക്കിടയിലും നിരവധി വ്യത്യാസങ്ങളുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ 200-ലധികം ഗോത്രങ്ങള്‍ക്കിടയില്‍ അവരുടേതായ വ്യത്യസ്തമായ ആചാര നിയമങ്ങള്‍ നിലനില്‍ക്കുന്നു. ഭരണഘടനയില്‍ നാഗാലാന്‍ഡ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിലെ മത വിഭാഗങ്ങള്‍ക്കും ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ട്.

നിലവില്‍ രാജ്യത്തുള്ള മിക്ക സിവില്‍ നിയമങ്ങള്‍ക്കും ഏകീകൃത സ്വഭാവമാണുള്ളത്. കരാര്‍ നിയമം, സിവില്‍ പ്രൊസീജ്യര്‍ കോഡ്, ചരക്ക് വില്‍പന നിയമം, സ്വത്ത് കൈമാറ്റ നിയമം, പങ്കാളിത്ത നിയമം, മുതലായവ ഇതിന് ഉദാഹരണമാണ്. ഇതില്‍ തന്നെ പല നിയമ വ്യവസ്ഥകളിലും ചില സംസ്ഥാനങ്ങള്‍ ഭേദഗതികളും വരുത്തിയിട്ടുണ്ട്. രാജ്യത്തെ മത, സിവില്‍ നിയമങ്ങളില്‍ അടക്കം ഈ വ്യത്യാസം കാണാന്‍ സാധിക്കും.


#Daily
Leave a comment