TMJ
searchnav-menu
post-thumbnail

TMJ Daily

ഏകീകൃത സിവിൽ കോഡ്; നിർദേശങ്ങൾ തേടി നിയമ കമ്മീഷൻ

15 Jun 2023   |   2 min Read
TMJ News Desk

22ാമത് നിയമ കമ്മീഷൻ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പൊതുജനങ്ങളിൽ നിന്നും, അംഗീകൃത മതസംഘടനകളിൽ നിന്നും നിർദേശങ്ങൾ തേടി. നിർദേശങ്ങൾ 30 ദിവസത്തിനകം സമർപ്പിക്കണമെന്നാണ് നിയമ കമ്മീഷന്റെ ഉത്തരവിൽ പറയുന്നത്. 21ാം നിയമ കമ്മീഷനും വിഷയം പഠിക്കുകയും ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ 21ാം കമ്മീഷൻ നൽകിയ കൺസൽട്ടേഷൻ പേപ്പറിന് മൂന്ന് വർഷത്തെ പഴക്കമുള്ള സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഇ-മെയിൽ വഴിയോ വെബ്‌സൈറ്റിലൂടെയോ താൽപര്യമുള്ളവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. 2019 ൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മുന്നോട്ട് വച്ച വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവിൽ കോഡ്.

മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള നിയമ കമ്മീഷൻ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമല്ലെന്ന് പറഞ്ഞിരുന്നു. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല, ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകും, ഒരു ഏകീകൃത രാഷ്ട്രത്തിന് ഏകരൂപം ആവശ്യമില്ലെന്നും കമ്മീഷൻ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഏകീകൃത സിവിൽ കോഡ് രൂപീകരിക്കുന്നതിന് പകരം വ്യക്തി നിയമങ്ങളിലെ വിവേചനങ്ങൾ കണ്ടെത്തി ഭേദഗതി ചെയ്യുക എന്ന നിർദേശവും കമ്മീഷൻ മുന്നോട്ടു വെച്ചു. വിവാഹ പ്രായം  ഏകീകരിക്കുക, വിവാഹ മോചനത്തിനുളള നിയമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ നിർദേശങ്ങൾ കമ്മീഷൻ റിപ്പോർട്ടിലുണ്ടായിരുന്നു.

യൂണിഫോം സിവിൽ കോഡ്

മത, ജാതി, ലിംഗ ഭേദമന്യേ എല്ലാ ഇന്ത്യൻ പൗരന്മാർക്കും തുല്യമായി വ്യക്തിഗത നിയമങ്ങൾ ഏകീകരിക്കുക എന്നതാണ് യൂണിഫോം സിവിൽ കോഡ് അഥവാ ഏകീകൃത സിവിൽ കോഡ്. 
വിവാഹം, വിവാഹമോചനം, ദത്ത്, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നീ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു പൊതു നിയമമാണ് യൂണിഫോം സിവിൽ കോഡ് എന്ന് പറയാം. എന്നാൽ  നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ നിയന്ത്രിക്കുന്നത് അവരുടെ മതനിയമങ്ങളാണ്. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക സംസ്ഥാനമാണ് ഗോവ. ഏകീകൃത സിവിൽ കോഡിനായി ഉത്തരാഖണ്ഡിൽ പഠന സമിതി രൂപീകരിച്ചിട്ടുണ്ട്. ഭരണഘടനയുടെ 44ാം അനുഛേദത്തിൽ, നിർദേശക തത്വങ്ങളിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്നു പറയുന്നുണ്ട്. ഭരണ നിർവഹണത്തിലും നിയമ നിർമാണത്തിലും ഭരണകൂടങ്ങൾ പാലിക്കേണ്ട കാര്യങ്ങളാണ് നിർദേശക തത്വങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എതിർത്തും അനുകൂലിച്ചും

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള വാദങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതിനെ എതിർത്തും അനുകൂലിച്ചും പൗരന്മാർ അഭിപ്രായം പറയുന്നുണ്ട്. സർക്കാർ ഉയർത്തി പിടിക്കുന്ന ഏകീകൃത സിവിൽ കോഡിൽ മത ന്യൂനപക്ഷങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് അവരുടെ വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഭരണഘടന നൽകുന്ന വ്യക്തിനിയമങ്ങൾ ഹനിക്കുകയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുന്നതിലൂടെ സർക്കാർ ചെയ്യുന്നതെന്നുമാണ് അവരുടെ ആരോപണം. എന്നാൽ ഇന്ത്യ നിരവധി മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള ഒരു രാജ്യമാണ്. ഏകീകൃത സിവിൽ കോഡ് ഇന്ത്യയെ സമന്വയിപ്പിക്കാനും പൗരനെ ഒരു ദേശീയ സിവിൽ പെരുമാറ്റ ചട്ടത്തിന് കീഴിൽ കൊണ്ടുവരാനും സഹായിക്കും. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങൾ ഇല്ലാതാക്കാനും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും തുടങ്ങിയ വാദങ്ങളാണ് ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്ന ആളുകൾ മുന്നോട്ട് വെക്കുന്നത്.


#Daily
Leave a comment