
കേന്ദ്ര ബജറ്റ്: കേരളത്തോടുള്ള സമീപനം നിരാശജനകം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ കേരളത്തോടുള്ള സമീപനം അങ്ങേയറ്റം നിരാശജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എല്ലാവരോടും തുല്യമായ സമീപനമല്ല കേന്ദ്ര ബജറ്റില്‍ ഉണ്ടായതെന്നും കേരളത്തിന് ന്യായമായ ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പ്രത്യേകമായി ലഭിക്കേണ്ട കാര്യങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്ത പാക്കേജ് പരിഗണിച്ചില്ല. വിഴിഞ്ഞത്തിനും പ്രത്യേകമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ നിക്ഷേപം, കയറ്റുമതി, വികസനം എന്നിവയാണ് പരിഗണിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഇന്ത്യയിലെ ഏറ്റവും വലിയ കയറ്റുമതി പ്രൊമോഷന്‍ സ്‌കീമായിരുന്നു വിഴിഞ്ഞമെങ്കിലും അത് പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളത്തിന്റെ ദീര്‍ഘകാലത്തെ ഒരാവശ്യത്തോടും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യ വര്‍ഗത്തിന് വേണ്ടിയുള്ള ബജറ്റ് എന്ന് പറയുമ്പോഴും ഇന്ത്യയിലെ രണ്ട് ശതമാനം മാത്രമായ ആദായ നികുതി നല്‍കുന്നവരെ പ്രീതിപ്പെടുത്താനാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തിന് 5000 കോടി രൂപയുടെ പാക്കേജും വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയും വന്യജീവി പ്രശ്‌നം പരിഹരിക്കാന്‍ 1000 കോടിയും പാക്കേജായി കേരളം ആവശ്യപ്പെട്ടിരുന്നതാണ്.
രാഷ്ട്രീയ സങ്കുചിത്വമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞ ബജറ്റിലെ പോലെ ആറിടത്ത് ഇത്തവണയും ബജറ്റില്‍ ബീഹാര്‍ പരാമര്‍ശിച്ചു. ബജറ്റ് പ്രസംഗത്തില്‍ ആന്ധ്രാപ്രദേശ് ഇല്ലാതെ പോയത് ബജറ്റിന് മുമ്പ് പ്രധാനമന്ത്രി അവിടെയെത്തി അനവധി പദ്ധതികള്‍ പ്രഖ്യാപിച്ചു. അതിനാല്‍ ഇത്തവണ പൂര്‍ണമായും ബീഹാറിന്റെ ഊഴമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.


