TMJ
searchnav-menu
post-thumbnail

PHOTO: WIKICOMMONS

TMJ Daily

വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ

20 Mar 2024   |   1 min Read
TMJ News Desk

മിഴ്‌നാടിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും ബെംഗളുരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെ. 
വിദ്വേഷ പരമാര്‍ശം വലിയ തോതില്‍ വിമര്‍ശനം നേരിട്ടതോടെയാണ് മാപ്പ്. തന്റെ വാക്കുകള്‍ പലരെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നതായും ശോഭ കരന്ദലജെ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പറഞ്ഞ ശോഭ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചില്ല.

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമര്‍ശം. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മംഗളൂരുവില്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും  സൂചിപ്പിച്ചായിരുന്നു പരാമര്‍ശമുയര്‍ത്തിയത്. ശോഭ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ശോഭക്കെതിരെ നടപടിയെടുക്കണമെന്ന് സ്റ്റാലിന്‍

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ ശോഭക്കെതിരെ രംഗത്തെത്തിയിരുന്നു. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും 
മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു. കഫേയിലുണ്ടായ സ്ഫോടനത്തില്‍ പ്രതികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിടാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്‍ഐഎ ഉദ്യോഗസ്ഥരോ സ്ഫോടനവുമായി ബന്ധമുള്ളവരോ ആയിരിക്കണമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.


#Daily
Leave a comment