
കേരളത്തില്‍ റെയില്‍വേ പാത നാല് വരിയാക്കുമെന്ന് കേന്ദ്ര മന്ത്രി
കേരളത്തില്‍ വടക്കു മുതല്‍ തെക്കുവരെ റെയില്‍പാതയില്‍ മൂന്നാമത്തേയും നാലാമത്തേയും പാതകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇരുവരും സംസ്ഥാനത്തെ പ്രധാന റെയില്‍വേ പദ്ധതികള്‍ ചര്‍ച്ച ചെയ്തു. യാത്രക്കാര്‍ക്കും ചരക്കുനീക്കത്തിനും ഈ പുതിയ പാതകള്‍ ഉപകാരപ്പെടും.
അങ്കമാലി- എരുമേലി പാതയ്ക്കും മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ചും ചര്‍ച്ചയായി.
ശബരി റെയില്‍പാത നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രിയായ വി അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു. പദ്ധതിയുടെ തുടര്‍ നടപടികള്‍ക്കായി കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് റെയില്‍വേ 3,042 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്ര റെയില്‍വേ മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2009-14 കാലഘട്ടത്തില്‍ ശരാശരി 372 കോടി രൂപയാണ് കേരളത്തിന് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


