REPRESENTATIVE IMAGE: WIKI COMMONS
ന്യുമോണിയക്ക് സമാനമായ രോഗവ്യാപനം; അസാധാരണ അണുബാധയല്ലെന്ന് ചൈന
കാവിഡിനു പിന്നാലെ ന്യുമോണിയയ്ക്ക് സമാനമായ രോഗം ചൈനയില്‍ വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ രോഗവ്യാപനത്തിനു പിന്നില്‍ അസാധാരണ അണുബാധയല്ലെന്ന വിശദീകരണവുമായി ചൈന രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബീജിംഗിലെയും ലിയാവോനിംഗിലെയും ആശുപത്രികളില്‍ ന്യുമോണിയ ലക്ഷണവുമായി എത്തുന്ന കുട്ടികള്‍ നിരവധിയാണ്. വടക്കന്‍ ചൈനയിലാണ് രോഗം ആദ്യം കണ്ടെത്തിയത്. അജ്ഞാതരോഗത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ചൈന അസാധാരണമായി ഒന്നുമില്ല എന്ന് വ്യക്തമാക്കിയത്.
രോഗവ്യാപനം കണക്കിലെടുത്ത് ചൈനയിലെ സ്‌കൂളുകള്‍ അടയ്ക്കാനൊരുങ്ങുകയാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധിതരായ കുട്ടികളില്‍ ശ്വാസകോശ അണുബാധ, കടുത്ത പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. എന്നാല്‍ രോഗത്തിനു കാരണമാകുന്ന രോഗാണു ഏതാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവരുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
രോഗവ്യാപനം എന്നു മുതലായിരുന്നുവെന്നതില്‍ അധികൃതര്‍ക്ക് വ്യക്തതയില്ല. കോവിഡിനുശേഷം നവംബര്‍ 13 ന് ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചതായി ചൈനീസ് ആരോഗ്യവിദഗ്ധര്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് അജ്ഞാത രോഗം പടര്‍ന്നതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
വളരെ കുറച്ചു സമയംകൊണ്ട് നിരവധി കുട്ടികളെ ഒരുമിച്ചു ബാധിക്കുന്ന രോഗമാണിത്. നവംബര്‍ 21 നാണ് കുട്ടികളിലെ ന്യുമോണിയ ബാധയെക്കുറിച്ചും ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒക്ടോബര്‍ പകുതി മുതല്‍, വടക്കന്‍ ചൈനയില്‍ ഇന്‍ഫ്ളുവന്‍സ പോലുള്ള അസുഖങ്ങള്‍ വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. അജ്ഞാത ന്യുമോണിയ കേസുകള്‍ വ്യാപകമായതോടെ ലോകാരോഗ്യ സംഘടന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
'ശുപാര്‍ശ ചെയ്യുന്ന വാക്സിനേഷനിലൂടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുക, അസുഖമുള്ളവരില്‍ നിന്ന് അകലം പാലിക്കുക, അസുഖബാധിതര്‍ വീട്ടില്‍ തന്നെ തുടരുക, കൃത്യമായ വൈദ്യസഹായം തേടുക, മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കുക, രോഗമുള്ളവര്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക' തുടങ്ങിയ നിര്‍ദേശങ്ങളാണ് ലോകാരോഗ്യ സംഘടന ചൈനയ്ക്കു നല്‍കിയിരിക്കുന്നത്.
കോവിഡിന്റെ ആദ്യനാളുകളിലും രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന പുറംലോകത്തുനിന്നും മറച്ചുവച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ രോഗവ്യാപനത്തെയും ആശങ്കയോടെയാണ് ലോകം കാണുന്നത്.