
അനധികൃത വിവരശേഖരണം: ആപ്പിളിനെതിരെ നടപടിയുമായി യുഎസ് കോടതി
ഐഫോണ്‍, ഐപാഡ് ,ആപ്പിള്‍ വാച്ച് എന്നിവ ഉപയോഗിക്കുന്നവരുടെ സ്വകാര്യതയെ മാനിക്കാതെ, അവരുടെ വിവരങ്ങള്‍ ആപ്പില്‍ ശേഖരിക്കുന്നുവെന്ന് ആപ്പിളിനെതിരെ ആരോപണം. ആപ്പിളിന്റെ സ്വന്തം ആപ്ലിക്കേഷനുകളായ ആപ്പ് സ്റ്റോര്‍, ആപ്പിള്‍ മ്യൂസിക്ക്, ആപ്പിള്‍ ടിവിയിലൂടെയാണ് വിവരശേഖരണം നടക്കുന്നതെന്ന് കാണിച്ച് ആപ്പിളിനെതിരെ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തു.
ആപ്ലിക്കേഷനുകള്‍ വിവരശേഖരണം നടത്തണോ വേണ്ടയോ എന്ന അവകാശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്ന ആപ്പിളിന്റെ വാദം യുഎസിലെ സാന്‍ ഹൊസെ, കാലിഫോര്‍ണിയയിലെ ജില്ലാ ജഡ്ജി എഡ്വേര്‍ഡ് ഡാവില പൂര്‍ണമായും തള്ളിക്കളഞ്ഞു. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുവാന്‍ വിവരങ്ങള്‍ ആപ്പിളിന് കൈമാറാന്‍ കഴിയുമെന്ന ഓപ്ഷന്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭ്യമാണ്. ഇവയിലൂടെയാണ് മറ്റു സ്ഥാപനങ്ങള്‍ക്ക് പോലും ലഭിക്കാത്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിളിന് ശേഖരിക്കാന്‍ കഴിയുന്നതെന്ന് കോടതി ആരോപിച്ചു. ആപ്പിളിന് കൈമാറേണ്ടെന്ന് ഉപഭോക്താക്കള്‍ തീരുമാനിച്ചാല്‍ പോലും അതിനെ നിരാകരിച്ചുകൊണ്ട് ആപ്പിള്‍ വിവരശേഖരണം നടത്തുന്നുണ്ടെന്ന് ചില ഉപഭോക്താക്കള്‍ ആരോപിച്ചു.
ആപ്പിളിനെ കൂടാതെ ആല്‍ഫബെറ്റിന്റെ ഗൂഗിളും, മെറ്റയുടെ ഫേസ്ബുക്കും ഈ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ശേഖരിക്കാന്‍ ആപ്ലിക്കേഷനുകള്‍ക്ക് അനുവാദം നല്‍കട്ടെ എന്ന സെറ്റിങ്‌സ് മറ്റ് കമ്പനികളുടെ ആപ്ലിക്കേഷനുകള്‍ക്കാണെന്നും ആപ്പിളിന്റെ ആപ്ലിക്കേഷനുകള്‍ക്കല്ലെന്നും ആപ്പിള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡാവില പറഞ്ഞു. ഈ സെറ്റിങ് ഓഫ് ചെയ്തുവെച്ചാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നില്ലെന്ന ആപ്പിളിന്റെ വാദം വിശ്വസിക്കാനാവില്ലെന്ന് 39 പേജുകളുള്ള കോടതി തീരുമാനത്തില്‍ ഡാവില പറയുന്നു. എന്നിരുന്നാലും മൊത്തമായും ഒരു ആപ്ലിക്കേഷനോടും ഒന്നും പങ്കുവെക്കേണ്ടെന്ന് ഉപഭോക്താക്കള്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാന്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ പറ്റുമെന്ന ആപ്പിളിന്റെ വാദം അദ്ദേഹം അംഗീകരിച്ചു.
കാലിഫോര്‍ണിയയിലുള്ള ആപ്പിള്‍, ഉപഭോക്താക്കള്‍ക്കുള്ള തങ്ങളുടെ സേവനങ്ങള്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് വിവരശേഖരണം നടത്തുന്നതെന്ന് സമ്മതിച്ചു. കോടതി നടപടികളില്‍ അഭിഭാഷകരോ ആപ്പിളോ പ്രതികരിച്ചിട്ടില്ല.