
അവിവാഹിതരായ ദമ്പതികള്‍ക്ക് ഇനി ഓയോ മുറി നല്‍കില്ല; തുടക്കം മീററ്റില്‍ നിന്നും
ഹോട്ടല്‍ മുറി ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമായ ഓയോ ഇനി മീററ്റില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് മുറി നല്‍കില്ല. ഓയോയുടെ ചെക്ക്-ഇന്‍ നയത്തില്‍ പുതിയ മാറ്റം നിലവില്‍ വന്നു. പുതിയ നയം അനുസരിച്ച് ദമ്പതികള്‍ അവരുടെ ബന്ധത്തിന്റെ സാധുതയുള്ള രേഖ തെളിവായി ഹാജരാക്കണം. ഓയോയുടെ പങ്കാളികളായ ഹോട്ടലുകള്‍ക്ക് പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് ദമ്പതികളുടെ ബുക്കിങുകള്‍ നിരസിക്കാം.
ഈ നയം ഉടനടി നടപ്പിലാക്കാന്‍ ഓയോ മീററ്റിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവിടെ നിന്നുള്ള പ്രതികരണങ്ങള്‍ പഠിച്ചശേഷം കമ്പനി കൂടുതല്‍ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചേക്കുമെന്ന് ഈ നയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
അവിവാഹിതരായ സ്ത്രീയും പുരുഷനും മുറിയെടുക്കുന്ന വിഷയം പരിഹരിക്കാന്‍ മീററ്റില്‍ നിന്ന് അടക്കം പൗര സമൂഹ സംഘങ്ങള്‍ ഓയോയോട് ആവശ്യപ്പെട്ട് വരികയായിരുന്നു. കൂടാതെ, മറ്റ് ചില നഗരങ്ങളില്‍ ഓയോ ഹോട്ടലുകളില്‍ അവിവാഹിതരായ ദമ്പതികളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ പരാതി നല്‍കിയിരുന്നു.
സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ രീതികള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഓയോ പ്രതിജ്ഞാബദ്ധമാണെന്ന് ഓയോയുടെ ഉത്തേരേന്ത്യാ റീജ്യണല്‍ തലവന്‍ പവസ് ശര്‍മ്മ പറഞ്ഞു. ഓയോ വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ വിപണികളിലെ നിയമപരിപാലകരും പൗരസമൂഹവും പറയുന്നത് കേള്‍ക്കാനും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുമുള്ള ഉത്തരവാദിത്വം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും മതതീര്‍ത്ഥാടകര്‍ക്കും ഒറ്റയ്ക്ക് യാത്ര നടത്തുന്നവര്‍ക്കും സുരക്ഷിതമായ അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് ഉയര്‍ത്തിക്കാണിക്കുന്നതിനാണ് ഈ നയമാറ്റം.


