
ലെബനനിൽ അസാധാരണ സ്ഫോടനം, പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 മരണം
കിഴക്കൻ ലെബനനിൽ ഇലക്ട്രോണിക് പേജറുകൾ പൊട്ടിത്തെറിച്ച് എട്ട് വയസ്സുള്ള പെൺകുട്ടിയടക്കം 9 മരണം. സന്ദേശങ്ങൾ കൈമാറാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് പേജറുകളാണ് കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 2750 പേർക്ക് പരിക്കേറ്റു. ഇരുന്നൂറിലധികം പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെയ്റൂട്ട് അടക്കം വിവിധ സ്ഥലങ്ങളിൽ ഉച്ചകഴിഞ്ഞ് 3.30ഓടു കൂടെയാണ് സ്ഫോടനം നടന്നത്. മരണസംഖ്യ ഉയർന്നേക്കാമെന്നും ലെബനനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേജർ സ്ഫോടന പരമ്പരക്ക് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുല്ല ആരോപിച്ചു.
പരിക്കേറ്റവരിൽ ഹിസ്ബുല്ല നേതാക്കളും, ലണ്ടനിലെ ഇറാൻ അംബാസഡർ മോജ്തബ അമാനിയും ഉൾപ്പെടുന്നു. വിദൂരനിയന്ത്രിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആക്രമണം നടത്തിരിയിരിക്കുന്നതെന്നാണ് നിഗമനം. മുഖത്തും കൈകാലുകളിലും വയറ്റിലും പരിക്കേറ്റ് ലെബനൻ തെരുവുകളിൽ ആളുകൾ വീണുകിടക്കുന്ന ദൃശ്യങ്ങൾ ഉടൻ തന്നെ സമൂഹമാധ്യമങ്ങളിൽ പടർന്നു. അടുത്തയിടെ ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് പേജർ ആക്രമണം.
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച പലസ്തീൻ യുദ്ധത്തിന് ശേഷം, ഇസ്രായേൽ തങ്ങളുടെ വടക്കൻ അതിർത്തിൽ ലെബനനിന്റെ ഹിസ്ബുല്ലയുമായി നിരന്തരമായി സംഘർഷത്തിലേർപ്പെട്ടിരിക്കുകയാണ്. സംഘർഷം മൂലം ഒഴിഞ്ഞു പോയ ആയിരക്കണക്കിന് ഇസ്രായേലുകാരെ തിരികെക്കൊണ്ടുവരാനുള്ള സുരക്ഷാ ക്യാബിനറ്റിന്റെ തീരുമാനത്തിന് പുറകെയാണ് പേജർ സ്ഫോടനങ്ങൾ.
ആശയവിനിമയത്തിനായി ഹിസ്ബുല്ല പ്രവർത്തകർ ആയിരക്കണക്കിന് പേജറുകളാണ് ഉപയോഗിക്കുന്നത്. ആശുപത്രി പ്രവർത്തകർ അക്രമണത്തിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പേജറുകൾ ലഭിച്ചിട്ടുള്ള എല്ലാ പ്രവർത്തകരോടും അത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഹിസ്ബുല്ല നേതൃത്വം. സ്മാർട്ട്ഫോണുകൾ ഹാക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യ ഇസ്രായേലിന്റെ കയ്യിലുണ്ടെന്നും, ആയതിനാൽ അതിന്റെ ഉപയോഗം ഒഴിവാക്കണമെന്നും മാസങ്ങൾക്ക് മുന്നേ പ്രവർത്തകർക്ക് ഹിസ്ബുല്ല നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതിനാലാണ് പ്രവർത്തകരുടെ ഇടയിൽ പേജറുകളുടെ ഉപയോഗം വ്യാപകമായിരിക്കുന്നത്. ലെബനനിൽ പ്രവർത്തിക്കുന്ന യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി എടുത്ത് കളയാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പേജർ ആക്രമണത്തിന് ഉടൻ തന്നെ തിരിച്ചടിയുണ്ടാവുമെന്നും, ഇസ്രായേൽ ഇതിനുള്ള തക്കതായ ശിക്ഷ അനുഭവിക്കുമെന്നും ഹിസ്ബുല്ല പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും, സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. സംഭവത്തിൽ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പെന്റഗൺ പ്രതികരിച്ചു.