TMJ
searchnav-menu
post-thumbnail

ആതിഖ് അഹമ്മദ് | PHOTO: PTI

TMJ Daily

അതീഖ് അഹമ്മദിൽ നിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് യുപി സർക്കാർ

10 Jun 2023   |   2 min Read
TMJ News Desk

ത്തർപ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിൽ നിന്നും കണ്ടുകെട്ടിയ ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് യുപി സർക്കാർ. 76 ഫ്ലാറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്. ഇവ പകുതി വിലയ്ക്കാണ് ഭവനരഹിതർക്ക് നൽകുക. പ്രയാഗ് രാജ് വികസന അതോരിറ്റി വൈസ് ചെയർമാൻ അരവിന്ദ് ചൗഹാനാണ് അതീഖ് അഹമ്മദിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത് അറിയിച്ചത്.

ആറ് ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റുകൾക്ക് മൂന്നര ലക്ഷം രൂപ വിലയീടാക്കും. കേന്ദ്ര സർക്കാർ ഒന്നര ലക്ഷം രൂപയും സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയും സബ്‌സിഡി നൽകും. സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുക. പട്ടികജാതി-പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായത്തിൽ പെടുന്നവർ, അംഗവൈകല്യമുള്ളവർ എന്നിവർക്കാണ് കൂടുതൽ പരിഗണന എന്ന് അധികൃതർ അറിയിച്ചു.

ഏപ്രിൽ 15 നാണ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആതിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫിനേയും മൂന്നുപേർ ചേർന്ന് വെടിവെച്ച് കൊന്നത്.

കേസ് അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ കമ്മീഷനെ ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ട്. റിട്ട. ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാർ ത്രിപാഠി അധ്യക്ഷനായ കമ്മീഷനിൽ റിട്ട. ജഡ്ജി ബ്രിജേഷ് കുമാർ സോണി, മുൻ ഡിജിപി സുബീഷ് കുമാർ സിങ് എന്നിവരും അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് 1952 പ്രകാരമാണ് സംസ്ഥാന അഭ്യന്തര വകുപ്പ് അന്വേഷണ കമ്മീഷനെ രൂപീകരിച്ചത്.

ആരാണ് ആതിഖ് അഹമ്മദ്?

ഉത്തർപ്രദേശിലെ ആദ്യ ഡോൺ അല്ലെങ്കിൽ ഗ്യങ്സ്റ്റർ നേതാവ് എന്ന കുപ്രസിദ്ധിക്ക് അർഹനായ വ്യക്തിയാണ് ആതിഖ് അഹമ്മദ്. നാൽപ്പത് വർഷം കൊണ്ടാണ് തന്റെ ഗുണ്ടാ-രാഷ്ട്രീയ സാമ്രാജ്യം അയാൾ പടുത്തുയർത്തിയത്. 44 വർഷം മുൻപാണ് ആതിഖിനെതിരെ ആദ്യമായി ഒരു ക്രിമിനൽ കേസ് രജിസ്ട്രർ ചെയ്യുന്നത്. പിന്നീടിങ്ങോട്ട് നിയമത്തിനു മുന്നിലെത്തിയതും എത്താത്തതുമായ നൂറുകണക്കിന് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആതിഖ്. എന്നിട്ടും യുപി രാഷ്ട്രീയത്തിൽ സജീവമായ സാന്നിധ്യമായിരുന്നു ഇയാൾ. സ്വതന്ത്രനായി മത്സരിച്ച് മൂന്നുതവണ അലഹബാദ് വെസ്റ്റിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു. 1996 ൽ സമാജ്വാദി പാർട്ടി സീറ്റിലും 2022ൽ അപ്നാദൾ പാർട്ടി സീറ്റിലും വിജയിച്ചു. ഫുൽപൂരിൽ നിന്ന് 2004 ൽ സമാജ്വാദി പാർട്ടി സീറ്റിൽ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 2004ൽ അലഹബാദ് വെസ്റ്റിൽ സഹോദരൻ അഷ്രഫിനെ മത്സരിപ്പിച്ചെങ്കിലും ബിഎസ്പി സ്ഥാനാർഥി രാജു പാലിനോട് അഷ്രഫ് തോൽക്കുകയാണ് ഉണ്ടായത്. തുടർന്ന് 2005 ജനുവരിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന രാജു പാലിനെ ആതിഖും അഷ്റഫും ഉൾപ്പെടെ ഏഴ്പേരടങ്ങുന്ന സംഘം കൊലപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജു പാലിന്റെ ഭാര്യ പൂജ പാലിനെ തോൽപ്പിച്ച് അഷ്റഫ് നിയമസഭയിലെത്തി. രാജു പാൽ സിങിന്റെ കൊലപാതകത്തിലാണ് ആതിഖ് ആദ്യമായി ശിക്ഷിക്കപ്പെടുന്നത്. 2018 വരെ നിയമത്തിന് ആതിഖിനെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല, യുപിയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയാണ് ഇതിന് കാരണമെന്നാണ് ഉയർന്നു വരുന്ന ആരോപണം.

2006 ൽ രാജു പാൽ കേസിൽ സാക്ഷിയായ ഉമേഷ് പാൽ, ആതിഖും സംഘവും തന്നെ തട്ടിക്കൊണ്ട് പോയെന്നും മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും പൊലീസിൽ പരാതി നൽകി. മൊഴിമാറ്റാൻ അഭിഭാഷകനായ ഉമേഷ് പാൽ തയ്യാറായില്ല. ശേഷം ഉമേഷ് പാലിനെ ഒരുസംഘം ആളുകൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നിലും ആതിഖും സംഘവും ആണ്. 2008 ൽ രാഷ്ട്രീയ സമ്മർദ്ദം ശക്തമായതോടെയാണ് ആതിഖ് കീഴടങ്ങുന്നത്. തുടർന്ന് സമാജ്വാദി പാർട്ടി ആതിഖിനെ പുറത്താക്കി. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉമേഷ് പാലിനെ വധിച്ച സംഘം സഞ്ചരിച്ച കാർഡ്രൈവറെ യുപി പൊലീസ് ഫെബ്രുവരി 27 ന് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു വിശദീകരണം. ഉമേഷ് പാലിനെ വെടിവെച്ച ചൗദരിയെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അതും ഏറ്റുമുട്ടൽ കൊലയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ആതിഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദിനെയും സഹായിയേയും ഏപ്രിൽ 17 ന് പൊലീസ് കൊലപ്പെടുത്തി. ഒടുവിൽ ഏപ്രിൽ 15 ന് രാത്രി ആതിഖും സഹോദരൻ അഷ്രഫും പൊതുമധ്യത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.

#Daily
Leave a comment